തൊടുപുഴ : കൊവിഡ് പശ്ചാത്തലത്തിൽ വായ്പകൾ തിരിച്ചടയ്ക്കുന്നതിന് സർക്കാർ പ്രഖ്യാപിച്ച മോറട്ടോറിയം എസ്.സി എസ്.ടികോർപ്പറേഷൻ നടപ്പിലാക്കുന്നില്ലെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. 2018 ൽ ഹാർഡ് വെയർഷോപ്പ് തുടങ്ങാൻ 3 ലക്ഷം രൂപ വായ്പയെടുത്ത വാളറ സ്വദേശി വി.ബി. രാജേന്ദ്രൻ സമർപ്പിച്ച പരാതിയിലാണ് നടപടി. കൊവിഡ് വ്യാപനത്തെ തുടർന്ന് 54000 രൂപ തിരിച്ചടക്കാൻ കഴിഞ്ഞില്ലെന്നും ഇതിനെതിരെ കോർപ്പറേഷൻ ജപ്തി നടപടികൾ ആരംഭിച്ചിരിക്കുകയാണെന്നും പരാതിയിൽ പറയുന്നു. തനിക്ക് സർക്കാർ പ്രഖ്യാപിച്ച മോറട്ടോറിയം നൽകാൻ കോർപ്പറേഷൻ വിസമ്മതിക്കുകയാണെന്നും പരാതിയിൽ പറയുന്നു.