ഇടുക്കി: കാർഷിക കുടുംബത്തിന്റെ അതിജീവനത്തിനും സാമ്പത്തിക ഭദ്രതയ്ക്കും കൈത്താങ്ങായി സർക്കാരിന്റെ സമഗ്ര കന്നുകാലി ഇൻഷ്വറൻസ് പദ്ധതി കൂടുതൽ വ്യാപകമാക്കുന്നു. കർഷകന് സ്ഥിര വരുമാനമാണ് മൃഗസംരക്ഷണ മേഖല ഈ പദ്ധതിയിലൂടെ ഉറപ്പാക്കുന്നത്. അത്യുല്പാദന ശേഷിയുള്ള കന്നുകാലികളുടെ ആകസ്മിക മരണം ദശലക്ഷക്കണക്കിന് വരുന്ന ചെറുകിട, നാമമാത്ര കർഷകരെ സാമ്പത്തികമായി ബാധിക്കുന്നതായി ബോദ്ധ്യപ്പെട്ടിരുന്നു. ഇത്തരം ഘട്ടങ്ങളിൽ ഒരു കന്നുകാലികളുടെ മരണത്തിലൂടെയോ വൈകല്യത്തിലൂടെയോ ഉല്പാദനത്തിലുണ്ടാകുന്ന കുറവ് മൂലം ക്ഷീരകർഷകർക്ക് നേരിടേണ്ടി വരുന്ന നഷ്ടവും അനിശ്ചിതത്വവും നികത്താനാകും. കന്നുകാലി പരിപാലനം ജീവനോപാധിയായിട്ടുള്ള ക്ഷീരകർഷക കുടുംബത്തിന് സുസ്ഥിര വരുമാനം ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഏഴ് ലിറ്ററോ അതിൽ കൂടുതലോ പാല് തരുന്ന 2 മുതൽ 10 വയസ്സ് വരെ പ്രായമുള്ള പശുക്കൾക്കും എരുമകൾക്കും 7 മാസത്തിന് മുകളിൽ ഗർഭമുള്ള കിടാരികൾക്കുമായാണ് ഈ ഇൻഷ്വറസ് പദ്ധതി. ഒരുവർഷം, 3 വർഷം എന്നിങ്ങനെ കർഷകന് തീരുമാനിക്കാവുന്ന 2 പരിരക്ഷാ കാലയളവുകളടങ്ങിയ ഈ ഇൻഷ്വറൻസ് പദ്ധതിയുടെ പ്രീമിയം തുകയിൽ മൃഗസംരക്ഷണ വകുപ്പ് മുഖേന സർക്കാർ 50ശതമാനം സബ്സിഡി നല്കും. ഉരുക്കളെ ഇൻഷ്വർ ചെയ്യുന്നതോടൊപ്പം തുച്ഛമായ പ്രീമിയം തുക അടച്ചാൽ ഉരുവിന്റെ ഉടമയായ കർഷകനും ഒരു വർഷത്തേക്കോ മൂന്ന് വർഷത്തേക്കോ 5 ലക്ഷം രൂപയുടെ അപകടമരണ പരിരക്ഷ കൂടി ഈ പദ്ധതിയിലൂടെ ലഭിക്കും.2017 ൽ ആരംഭിച്ച ഈ പദ്ധതി മൃഗസംരക്ഷണ വകുപ്പ് വിജയകരമായി സംസ്ഥാനമൊട്ടാകെ നടപ്പിലാക്കിലാക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും കുറഞ്ഞ പ്രീമിയം (1.95%) നിരക്കിൽ സാധാരണക്കാരായ കർഷകരുടെ കന്നുകാലികൾക്ക് അപകട പരിരക്ഷ നല്കാൻ സാധിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.