ldf-idukki

ഇടുക്കി: അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ പി.ജെ.ജോസഫിന്റെ തൊടുപുഴയും ജോസ് പക്ഷത്തെ റോഷി അഗസ്റ്റിന്റെ തട്ടകമായ ഇടുക്കിയും യു.ഡി.എഫിനെ തുണച്ചു. മറ്റു മൂന്നു മണ്ഡലങ്ങളിൽ മേധാവിത്വമുള്ള എൽ.ഡി.എഫ് മുന്നിൽ.

ഇടുക്കി മണ്ഡലത്തിലെ കട്ടപ്പന നഗരസഭയിൽ 13 സീറ്റുകളുണ്ടായിരുന്ന എൽ.ഡി.എഫ് ഒമ്പതിലേക്ക് ചുരുങ്ങി. ഒമ്പത് ഗ്രാമപഞ്ചായത്തുകളിൽ രണ്ടെണ്ണം എൽ.ഡി.എഫ് പിടിച്ചെടുത്തപ്പോൾ ഒന്ന് നഷ്ടമായി. ഇരു മുന്നണികളും ഭരിച്ചിരുന്ന രണ്ടിടത്ത് ആർക്കും ഭൂരിപക്ഷമില്ല. ഇടുക്കി ബ്ലോക്ക് പഞ്ചായത്തും യു.ഡി.എഫ് നിലനിറുത്തി.

തൊടുപുഴയിൽ എൽ.ഡി.എഫിന് മൊത്തത്തിൽ നേട്ടമുണ്ടാക്കാനായില്ല. നഗരസഭയിൽ മത്സരിച്ച ഏഴ് സീറ്റുകളിൽ രണ്ടിടത്ത് മാത്രമാണ് ജോസഫ് വിഭാഗത്തിന് ജയിക്കാനായത്. നാല് സീറ്റുകളിൽ മത്സരിച്ച ജോസ് വിഭാഗം രണ്ടിടത്ത് വിജയിച്ചു.നഗരസഭയിൽ ആർക്കും കേവല ഭൂരിപക്ഷമില്ല.

എൽ.ഡി.എഫ് ഭരിച്ചിരുന്ന തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിൽ യു.ഡി.എഫ് വിജയിച്ചു. 12 ഗ്രാമപഞ്ചായത്തുകളിൽ മൂന്നെണ്ണം യു.ഡി.എഫ് പിടിച്ചെടുത്തപ്പോൾ ഒന്ന് നഷ്ടമായി.ഒൻപതിടത്ത് ഭരണം കിട്ടി.

ഉടുമ്പഞ്ചോല

മന്ത്രി എം.എം. മണിയുടെ മണ്ഡലം കൂടിയായ ഇവിടെ വണ്ടൻമേട്, രാജാക്കാട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തും ഇടതുപക്ഷം പിടിച്ചെടുത്തു. 10 ഗ്രാപഞ്ചായത്തുകളിൽ ആറെണ്ണം യു.ഡി.എഫിൽ നിന്ന് പിടിച്ചെടുത്തു. ഒരിടത്ത് തുല്യനിലയാണ്.

പീരുമേട്

സി.പി.ഐയിലെ ഇ.എസ്. ബിജിമോളുടെ മണ്ഡലമായ ഇവിടെ വണ്ടിപ്പെരിയാർ, ഉപ്പുതറ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും അഴുത ബ്ലോക്ക് പഞ്ചായത്തും ഇടതുപക്ഷം പിടിച്ചെടുത്തു. ഗ്രാമപഞ്ചായത്തുകളിൽ യു.ഡി.എഫിനാണ് മുൻതൂക്കം. ഒമ്പത് പഞ്ചായത്തുകളിൽ മൂന്നെണ്ണം അവർ പിടിച്ചെടുത്തപ്പോൾ രണ്ടെണ്ണം നഷ്ടമായി.

ദേവികുളം

സി.പി.എമ്മിലെ എസ്. രാജേന്ദ്രൻ എം.എൽ.എയായ ഈ മണ്ഡലത്തിൽ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ഇടതുപക്ഷം തിരികെ പിടിച്ചു. 12 ഗ്രാമപഞ്ചായത്തുകളിൽ മൂന്നെണ്ണം എൽ.ഡി.എഫ് പിടിച്ചെടുത്തപ്പോൾ ഒരെണ്ണം നഷ്ടമായി. രണ്ടിടത്ത് ആർക്കും ഭൂരിപക്ഷമില്ല.