മുട്ടം: തിരഞ്ഞെടുപ്പ് ആഘോഷത്തിനിടയിൽ വ്യാപാര സ്ഥാപനത്തിന് മുന്നിൽ ഗുണ്ട് പൊട്ടിച്ചതിന്റെ ണ്ടബ്ദംകേട്ട് അവശയായി വീണ വൃദ്ധയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച ഉച്ചയ്ക്ക് 1.30 നാണ് സംഭവം. തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് പ്രകടനമായി വന്ന രണ്ട് യു ഡി എഫ് പ്രവർത്തകർ തന്റെ ഉടമസ്ഥതയിലുളള വ്യാപാര സ്ഥാപനത്തിന്റെ മുന്നിൽ ഓടയുടെ മുകളിലേക്ക് ഗുണ്ട് എറിഞ്ഞതായി വിജു സി ശങ്കർ പറഞ്ഞു. ഗുണ്ട് വലിയ ശബ്ദത്തിൽ പൊട്ടിയതിനെ തുടർന്ന് വ്യാപാര സ്ഥാപനത്തിന്റെ മുകളിലെ നിലയിൽ വീട്ടിൽ രോഗ ചികിത്സയിൽ വിശ്രമിക്കുകയായിരുന്ന എൺപത് വയസ്സുള്ള മാതാവ് പ്രഷർ താന്ന് അവശതയോടെ നിലത്ത് വീണു. വ്യാപാര സ്ഥാപനത്തിലായിരുന്ന ഞാനും ഭാര്യയും ശബ്ദം കേട്ട് ഉടൻ വീട്ടിൽ എത്തി അമ്മയെ തൊടുപുഴയിലുള്ള ആശുപത്രിയിൽ എത്തിച്ചു എന്നും വിജു പറഞ്ഞു. ഇത് സംബന്ധിച്ച് വിജു മുട്ടം പൊലീസിൽ പരാതി നൽകി. വിജുവിന്റെ പരാതിയിൽ മുട്ടം മുളങ്ങാശ്ശേരിയിൽ ബിസു സെബാസ്റ്റ്യൻ , പൂച്ചക്കുഴിയിൽ നിവിൻ എന്നിവരുടെ പേരിൽ പടക്കം അലക്ഷ്യമായി എറിഞ്ഞ തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മുട്ടത്തെ വ്യാപാരിയും മർച്ചന്റ് അസോസിയേഷൻ വൈസ് പ്രസിഡന്റുമായ വിജു സി ശങ്കറിന്റെ സ്ഥാപനത്തിന് നേരെയുണ്ടായ നടപടിയിൽ മർച്ചന്റ് അസോസിയേഷൻ പ്രതിഷേധിച്ചു. നിയമ നടപടികൾ സ്വീകരിക്കുന്നതിന് വേണ്ടി പൊലീസിൽ പരാതി നൽകിയതായും യൂണിറ്റ് പ്രസിഡന്റ് പി എസ് രാധാകൃഷ്ണനും ജനറൽ സെക്രട്ടറി റെന്നി ആലുങ്കലും പറഞ്ഞു.