തൊടുപുഴ: യു.ഡി.എഫ് വിമതരെ കൂടെ കൂട്ടി തൊടുപുഴ നഗരസഭയിൽ ഭരണം പിടിക്കാൻ തന്ത്രം പയറ്റുകയാണ് യു.ഡി.എഫും എൽ.ഡി.എഫും. കഴിഞ്ഞ തവണത്തേത് പോലെ ആർക്കും ഭൂരിപക്ഷമില്ലാതെ വന്നതാണ് യു.ഡി.എഫ് വിമതരുടെ പിന്നാലെ മുന്നണികൾ പോകാനിടയാക്കിയത്. ആകെയുള്ള 35 വാർഡുകളിൽ യു.ഡി.എഫ് 13ഉം എൽ.ഡി.എഫ് 12ഉം എൻ.ഡി.എ എട്ടും സീറ്റുകളിലാണ് വിജയിച്ചത്. കേരളകോൺഗ്രസിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് പ്രാദേശിക കോൺഗ്രസ് നേതാവ് 12-ാം വാർഡിൽ നിറുത്തിയ സനീഷ് ജോർജും കോൺഗ്രസ് സീറ്റ് നൽകാത്തതിനെ തുടർന്ന് 19-ാം വാർഡിൽ മത്സരിച്ച നിസാ സക്കീറും വിജയിച്ചു. ഇപ്പോഴത്തെ സ്ഥിതിയിൽ യു.ഡി.എഫ് ഭരണം പിടിക്കാൻ ഇവരിലേതെങ്കിലും ഒരു വിമതന്റെ പിന്തുണ വേണം. അതേസമയം എൽ.ഡി.എഫിന് ഇവർ രണ്ട് പേരുടെയും പിന്തുണ ആവശ്യമാണ്. വിമതരായാണ് മത്സരിച്ചു വിജയിച്ചതെങ്കിലും ഇരുവരും കോൺഗ്രസിൽ നിന്നുള്ളവരായതിനാൽ തങ്ങളെ പിന്തുണയ്ക്കുമെന്നാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ പ്രതീക്ഷ. എന്നാൽ ഇവരെ ഒപ്പം നിറുത്താനുള്ള ശ്രമങ്ങൾ എൽ.ഡി.എഫിന്റെ ഭാഗത്ത് നിന്നും ആരംഭിച്ചിട്ടുണ്ട്. എന്നാൽ വിമതർ ഇതുവരെ മനസ് തുറന്നിട്ടില്ല. ചെയർമാൻസ്ഥാനമടക്കമുള്ള പ്രധാന പദവികൾ അവർ ആവശ്യപ്പെടാനിടയുണ്ട്.
ബി.ജെ.പി നിലപാട് നിർണായകം
ആര് ഭരണം പിടിച്ചാലും എൻ.ഡി.എയുടെ നിലപാട് നിർണായകമാകും. കഴിഞ്ഞ തവണ യു.ഡി.എഫ്- 14, എൽ.ഡി.എഫ്- 13, എൻ.ഡി.എ- 8 എന്നിങ്ങനെയായിരുന്നു നഗരസഭയിലെ കക്ഷിനില. അന്ന് ഒരാളുടെ മുൻ തൂക്കത്തിലാണ് യു.ഡി.എഫ് നഗരസഭയുടെ ഭരണം കൈയാളിയത്. ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പുകളിൽ ആരെയും പിന്തുണയ്ക്കാതെ ബി.ജെ.പി വിട്ടു നിന്നതിനെ തുടർന്നാണ് യു.ഡി.എഫിന് ഭരണം ലഭിച്ചത്. മുന്നണി ധാരണ പ്രകാരം ചെയർപേഴ്സൺ, വൈസ് ചെയർമാൻ പദവികൾ ഘടകകക്ഷികൾക്ക് വീതം വച്ചു നൽകുകയായിരുന്നു. എന്നാൽ ഒരു ചെയർപെഴ്സൺ തിരഞ്ഞെടുപ്പിനിടെ ആറു മാസം ഭരണം യു.ഡി.എഫിന് കൈ വിട്ടു പോയി. ആറു മാസത്തിനു ശേഷം ബി.ജെ.പി പിന്തുണച്ച അവിശ്വാസത്തിലൂടെ എൽ.ഡി.എഫ് ചെയർപേഴ്‌സണെ പുറത്താക്കി യു.ഡി.എഫ് അധികാരം തിരിച്ചു പിടിച്ചു. ഇത്തവണ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്ന് ബിജെപി പ്രതീക്ഷ വച്ചു പുലർത്തിയെങ്കിലും കഴിഞ്ഞ തവണത്തെ സംഖ്യയിൽ തന്നെ ഒതുങ്ങേണ്ടി വന്നു.