 യു.ഡി.എഫിനെ കാത്തത് ലോറേഞ്ച്

ഇടുക്കി: ഹൈറേഞ്ചിലെ തോട്ടം മേഖലകളിൽ ഇടതുപക്ഷമുണ്ടാക്കിയത് വലിയ നേട്ടം. 2015ൽ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിൻബലമുണ്ടായിട്ടും പിടിക്കാനാകാത്ത ജില്ലാ പഞ്ചായത്തുകളും ബ്ലോക്കും ഗ്രാമപഞ്ചായത്തുകളും എൽ.ഡി.എഫ് പിടിച്ചെടുത്തു. ഇതിൽ ജോസ് കെ. മാണി പക്ഷത്തിന്റെ മുന്നണി പ്രവേശനം വലിയതോതിൽ ഗുണം ചെയ്തു. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫിൽ നിന്ന് ഇടതുപക്ഷം തിരികെപിടിച്ചു. ഇവിടെ 12 ഗ്രാമപഞ്ചായത്തുകളിൽ ഏഴെണ്ണം എൽ.ഡി.എഫ് നേടി. വണ്ടന്മേട്, രാജാക്കാട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തും ഇടതുപക്ഷം പിടിച്ചെടുത്തു. ഉടുമ്പഞ്ചോലയിൽ ആകെയുള്ള 10 ഗ്രാമപഞ്ചായത്തുകളിൽ ഒമ്പതും എൽ.ഡി.എഫ് നേടി. ഇതിൽ ആറെണ്ണവും ജോസ് കെ. മാണി പക്ഷത്തിന്റെ പിന്തുണയോടെ യു.ഡി.എഫിൽ നിന്ന് തിരികെപിടിച്ചെടുത്തതാണ്. വണ്ടിപ്പെരിയാർ, ഉപ്പുതറ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും അഴുത ബ്ലോക്ക് പഞ്ചായത്തും എൽ.ഡി.എഫ് പിടിച്ചെടുത്തു. എന്നാൽ പി.ജെ. ജോസഫിന്റെ തട്ടകമായ ലോറേഞ്ച് മേഖലയിലും രണ്ട് നഗരസഭകളിലും യു.ഡി.എഫ് തകരാതെ നിന്നു. തൊടുപുഴ നഗരസഭയിൽ ആർക്കും കേവല ഭൂരിപക്ഷമില്ലെങ്കിലും കക്ഷിനിലയിൽ യു.ഡി.എഫാണ് മുന്നിൽ. കഴിഞ്ഞ തവണ എൽ.ഡി.എഫ് ഭരിച്ചിരുന്ന തൊടുപഴ ബ്ലോക്ക് പഞ്ചായത്തിൽ യു.ഡി.എഫ് വിജയിച്ചു. 12 ഗ്രാമപഞ്ചായത്തുകളിൽ ഒമ്പതെണ്ണം എൽ.ഡി.എഫ് നേടി. തങ്ങളുടെ ശക്തികേന്ദ്രമെന്ന് ജോസ് വിഭാഗം അവകാശപ്പെട്ടിരുന്ന ഇടുക്കി നിയമസഭാ മണ്ഡലത്തിലും എൽ.ഡി.എഫിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. യു.ഡി.എഫ് ഭരിക്കുന്ന കട്ടപ്പന നഗരസഭയിൽ കഴിഞ്ഞ തവണ 13 സീറ്റുകളുണ്ടായിരുന്ന എൽ.ഡി.എഫിന് ഇത്തവണ ഒമ്പതെണ്ണം മാത്രമാണ് ലഭിച്ചത്. 13 സീറ്റുകളിൽ മത്സരിച്ച കേരള കോൺഗ്രസ് ജോസ് വിഭാഗം രണ്ടിടത്ത് മാത്രമാണ് വിജയിച്ചത്. കേരള കോൺഗ്രസ് ജോസഫ്- ജോസ് വിഭാഗങ്ങൾ നേരിട്ട് ഏറ്റുമുട്ടിയ നാലു വാർഡുകളിൽ മൂന്നിടങ്ങളിലും ജോസഫ് വിഭാഗം വിജയിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്തും യു.ഡി.എഫ് നിലനിറുത്തി. ജോസ് കെ. മാണി പക്ഷത്തിന്റെ പ്രമുഖ എം.എൽ.എയായ റോഷിയുടെ സ്വന്തം തട്ടകമായ ഇടുക്കിയിൽ എൽ.ഡി.എഫിന് നേട്ടമുണ്ടാക്കാനാകാത്തത് ക്ഷീണമായി.