സി.പി.എം നേതാവ് വി.എൻ. മോഹനന് സാദ്ധ്യത
തൊടുപുഴ: നെടുങ്കണ്ടം ഡിവിഷനിൽ നിന്ന് വിജയിച്ച സി.പി.എം നേതാവ് വി.എൻ. മോഹനൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായേക്കും. വിജയിച്ചവരിൽ മുതിർന്ന നേതാവും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ വി.എൻ. മോഹനനാണ് ജില്ലയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയത്. യു.ഡി.എഫിലെ തോമസ് തെക്കേലിനെതിരെ 6766 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മോഹനന്റെ വിജയം. ആരാകണം പ്രസിഡന്റെന്നത് സംബന്ധിച്ച് അന്തിമ തീരുമാനം അടുത്ത ദിവസം ചേരുന്ന ഇടതുമുന്നണി യോഗത്തിലുണ്ടാകും. മുന്നണിധാരണ പ്രകാരം ഘടകക്ഷികൾക്കാണ് പ്രസിഡന്റ് സ്ഥാനം നൽകുന്നതെങ്കിൽ പാമ്പാടുംപാറ ഡിവിഷനിൽ നിന്ന് വിജയിച്ച സി.പി.ഐയിലെ ജിജി കെ. ഫിലിപ്പിനും വണ്ടന്മേട്ടിൽ നിന്ന് വിജയിച്ച കേരളകോൺഗ്രസ് (എം) ജോസ് വിഭാഗത്തിലെ രാരിച്ചൻ നീറണാംകുന്നേലിനുമാണ് സാദ്ധ്യതയുള്ളത്. പത്ത് വർഷത്തിന് ശേഷമാണ് എൽ.ഡി.എഫ് ഇടുക്കി ജില്ലാ പഞ്ചായത്ത് തിരികെ പിടിക്കുന്നത്.