കഞ്ഞിക്കുഴി: കഞ്ഞിക്കുഴി ശിവ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം 21 മുതൽ 26 വരെ നടക്കും. ബ്രഹ്മശ്രീ പറവൂർ രാകേഷ് തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും. എം. പുരുഷോത്തമൻ ശാന്തി, സജി ശാന്തി, വിജി ശാന്തി എന്നിവർ സഹ കാർമ്മികത്വം വഹിക്കും. കൊവിഡ് മാനദണ്ഡങ്ങൾക്ക് അനുസരിച്ചാവും തിരുവുത്സവം നടക്കുക. എല്ലാ ദിവസവും രാവിലെ അഞ്ചിന് പള്ളിയുണർത്തൽ, നിർമ്മാല്യദർശനം, ഉഷപൂജ, മഹാഗണപതി ഹോമം, പഞ്ചവിംശതി, കലശാഭിഷേകം, വിശേഷാൽ പൂജ, ഉച്ചപൂജ, വൈകിട്ട് ദീപാരാധന, മുളയിടൽ, അത്താഴപൂജ, ശ്രൂഭൂതബലി എന്നിവ നടക്കും. 21ന് വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ബ്രഹ്മശ്രീ പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് നടക്കും. തുടർന്ന് മുളയിടൽ, അത്താഴപൂജ, ശ്രൂഭൂതബലി എന്നിവ നടക്കും. 25ന് പതിവ് പൂജകൾ, വൈകിട്ട് ദീപാരാധന, അത്താഴപൂജ, ശ്രീഭൂതബലി, പള്ളിവേട്ട, തിരിച്ചെഴുന്നള്ളത്ത്, പള്ളിനിദ്ര. 26 ന് ആറാട്ട് മഹോത്സവം. രാവിലെ ആറിന് പള്ളിയുണർത്തൽ, മണ്ഡപത്തിൽ ഭഗവാന് വിശേഷാൽ അഭിഷേകം, വിശേഷാൽ പൂജകൾ, വൈകിട്ട് 4.30ന് ആറാട്ട് ബലി, ആറാട്ട് പുറപ്പാട്, തിരുവാറാട്ട്. ആറാട്ട് തിരിച്ചെഴുന്നള്ളത്തിന് ശേഷം പഞ്ചവിംശതി, കലശാഭിഷേകം, വിശേഷാൽ പൂജ, ദീപാരാധന, കൊടിയിറക്ക്.