കട്ടപ്പന: കേരള കോൺഗ്രസ് (എം) എൽ.ഡി.എഫ് മുന്നണിയിൽ എത്തിയതോടെ ജില്ലയുടെ രാഷ്ട്രീയ ഭൂപടം തന്നെ മാറ്റിയെഴുതിയെന്ന് റോഷി അഗസ്റ്റ്യൻ എം.എൽ.എ പറഞ്ഞു. പരമ്പരാഗത യു.ഡി.എഫ് കോട്ടകളിൽ പലതിലും എൽ.ഡി.എഫ് ഭരണത്തിലെത്തി. ചില കുത്തക പഞ്ചായത്തുകളിൽ പോലും യു.ഡി.എഫ് ഭരണം ത്രിശങ്കുവിലായി. ജില്ലാ പഞ്ചായത്ത് 20 വർഷങ്ങൾക്ക് ശേഷം എൽ.ഡി.എഫ് ഭരണത്തിലെത്തുന്നത് വലിയ രാഷ്ട്രീയ മുന്നേറ്റമാണ്. 16 സീറ്റുകളിൽ 10 സീറ്റും വിജയിച്ചാണ് ജില്ലാപഞ്ചായത്തിൽ അധികാരത്തിലെത്തുന്നത്. വർഷങ്ങളായി യു.ഡി.എഫ് ഭരിച്ചിരുന്ന നെടുങ്കണ്ടം, അഴുത ബ്ലോക്ക് പഞ്ചായത്ത് എൽ.ഡി.എഫിലെത്തി. കേവല ഭൂരിപക്ഷം മാത്രമുണ്ടായിരുന്ന കട്ടപ്പന, ദേവികുളം ബ്ലോക്കുകളിൽ ഭരണം നിലനിറുത്തുകയും മറ്റ് ബ്ലോക്ക് പഞ്ചായത്തുകളിൽ ശക്തമായ പ്രതിപക്ഷമാകാനും എൽ.ഡി.എഫിന് കഴിഞ്ഞു. ഹൈറേഞ്ച് മേഖലയിൽ മികച്ച മുന്നേറ്റമാണ് പഞ്ചായത്ത് തലത്തിലും നടന്നത്. പരമ്പരാഗത യു.ഡി.എഫ് കോട്ടകൾ എന്ന് വിശ്വസിച്ചിരുന്ന ഇടുക്കി നിയോജകമണ്ഡലത്തിൽ കാമാക്ഷി, കൊന്നത്തടി, അറക്കുളം പഞ്ചായത്തുകൾ വലിയ ഭൂരിപക്ഷത്തോടെ എൽ.ഡി.എഫ് ഭരിക്കും. വാഴത്തോപ്പ് പഞ്ചായത്തിൽ തുല്യതയിൽ എത്തി. ഉടുമ്പൻചോല നിയോജകമണ്ഡലത്തിൽ നെടുങ്കണ്ടം, ഇരട്ടയാർ, രാജകുമാരി, വണ്ടന്മേട്, പാമ്പാടുംപാറ, സേനാപതി പഞ്ചായത്തുകൾ യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫ് പിടിച്ചെടുത്തു. ദേവികുളം നിയോജക മണ്ഡലത്തിൽ ബൈസൺവാലി, അടിമാലി, വെള്ളത്തൂവൽ, പള്ളിവാസൽ പഞ്ചായത്തുകളും യു.ഡി.എഫിനെ കൈവിട്ടു. പീരുമേട് നിയോജമണ്ഡലത്തിൽ കുമളി, ചക്കുപള്ളം പഞ്ചായത്തുകൾ യു.ഡി.എഫിന് നഷ്ടമാവുകയും അയ്യപ്പൻകോവിൽ പഞ്ചായത്ത് എൽ.ഡി.ഫിന് നിലനിറുത്താൻ കഴിയുകയും ചെയ്തു. തൊടുപുഴ നിയോജക മണ്ഡലത്തിൽ യു.ഡി.എഫിനൊപ്പം നിന്നിരുന്ന ഉടുമ്പന്നൂർ, കരിമണ്ണൂർ പഞ്ചായത്തുകൾ എൽ.ഡി.എഫിലേക്ക് വന്നത് യു.ഡി.എഫിനും ജോസഫ് വിഭാഗത്തിനും വലിയ നഷ്ടമായി.