 
തൊടുപുഴ: കാഡ്സിന്റെ നേതൃത്വത്തിൽ കേരളത്തിലെ ഏറ്റവും വലിയ കർഷക വിപണിക്ക് 21ന് രാവിലെ 10ന് തൊടുപുഴയിൽ തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വെങ്ങല്ലൂർ മങ്ങാട്ടുകവല ബൈപ്പാസിൽ രണ്ടര ഏക്കർ സ്ഥലത്ത് നിർമ്മിച്ചിരിക്കുന്ന കാഡ്സ് വില്ലേജ് സ്‌ക്വയറിന്റെ ഒന്നാംഘട്ടമാണ് പ്രവർത്തനം ആരംഭിക്കുന്നത്. പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ, പഴങ്ങൾ എന്നിവയോടൊപ്പം സുഗന്ധവ്യഞ്ജനങ്ങൾ, റബ്ബർ എന്നിവയും സംഭരിക്കുന്നതിനുള്ള സൗകര്യമാണ് ഇവിടെ ക്രമീകരിച്ചിട്ടുള്ളത്. ജൈവ ഉത്പന്നങ്ങളുടെ സംഭരണത്തിന് മുൻഗണന നൽകും. പ്രതിദിനം രണ്ട് ടൺ മരച്ചീനി സംസ്‌കരിക്കുന്നതിനുള്ള സംവിധാനവുമുണ്ട്. ബ്രാൻഡ് ചെയ്ത നടീൽ വസ്തുക്കൾ ലഭിക്കുന്ന നഴ്സറികളുടെ സൂപ്പർമാർക്കറ്റ്, ജൈവ നാടൻ പച്ചക്കറികൾ, നാടൻ പാൽ, മത്സ്യം, മാംസം എന്നിവയുടെ ശീതീകരിച്ച വിഭാഗം, സംസ്‌കരിച്ച നാടൻ വിഭവങ്ങൾ, ആഴ്ചയിൽ അഞ്ചു ദിവസവും കാർഷിക പരിശീലനത്തിനായി ട്രെയിനിംഗ് സെന്റർ, നൂറ് വാഹനങ്ങൾ ഒരേസമയം പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം, പ്രഭാതസവാരിക്കും വ്യായാമത്തിനുമായി 400 മീറ്റർ ട്രാക്ക്, വിശ്രമത്തിനായി 27 ഞാറ്റുവേല തറകൾ, സായാഹ്നങ്ങളിൽ ഒത്തു ചേരുന്നതിനും കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുമായി ഓപ്പൺ എയർ സ്റ്റേജ്, മത്സ്യക്കുളം, കുട്ടികൾക്കായി മിനി പാർക്ക്, യോഗ സെന്റർ, അക്വേറിയം, അക്വാപോണിക്സ്, മെഡിക്കൽ ലാബ്, തേപ്പ് കട തുടങ്ങിയവയാണ് ഒന്നാംഘട്ടത്തിൽ പ്രവർത്തനമാരംഭിക്കുന്നത്. കോതമംഗലം മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. കർഷക ഓപ്പൺ മാർക്കറ്റ് ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. വിത്ത് ബാങ്കിന്റെ ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എയും കാർഷിക പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ എച്ച്. ദിനേശനും ഫുഡ് പ്രോസസിംഗ് യൂണിറ്റ് ഉദ്ഘാടനം എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ. ഡോ. സാബു തോമസും നിർവഹിക്കും. വാർത്താസമ്മേളനത്തിൽ കാഡ്സ് പി.സി.എൽ ചെയർമാൻ കെ.ജി. ആന്റണി കണ്ടിരിക്കൽ, സി.ഇ.ഒ പ്രൊ. ഡോ. കെ.ജെ. കുര്യൻ, ഡയറക്ടർ കെ.എം. മത്തച്ചൻ, ഡയറക്ടർമാരായ വി.പി. സുകുമാരൻ, റ്റെഡി ജോസ്, എം.ഡി. ഗോപിനാഥൻ നായർ എന്നിവർ പങ്കെടുത്തു.