തൊടുപുഴ: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ജോസ് വിഭാഗത്തിന് കിട്ടിയതിന്റെ ഇരട്ടിയോളം സീറ്റുകൾ കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേടിയെന്ന് പാർട്ടി ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടു. തൊടുപുഴ, ഇടുക്കി നിയോജക മണ്ഡലങ്ങൾ ഉൾപ്പടെ കേരള കോൺഗ്രസ് കേന്ദ്രങ്ങളിൽ പാർട്ടി നിർണായക വിജയം നേടിയിട്ടുണ്ട്. ഗ്രാമ പഞ്ചായത്തുകളിൽ ജോസഫ് വിഭാഗത്തിന് 84 സീറ്റുകളും ബ്ലോക്ക് പഞ്ചായത്തിൽ 12 സീറ്റുകളും ലഭിച്ചപ്പോൾ ജോസ് വിഭാഗത്തിന് യഥാക്രമം 47ഉം ആറും സീറ്റുകളാണ് നേടാനായത്. ജോസഫ് വിഭാഗത്തിന് ജില്ലാ പഞ്ചായത്തിൽ അഞ്ചിൽ നാല് സീറ്റുകൾ ലഭിച്ചപ്പോൾ അവർക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ തൊടുപുഴ നിയോജ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്. ഇടുക്കി നിയോജക മണ്ഡലത്തിൽ കുടയത്തൂർ, വാഴത്തോപ്പ്, കഞ്ഞിക്കുഴി, മരിയാപുരം, വാത്തിക്കുടി പഞ്ചായത്തുകളിലും കട്ടപ്പന നഗരസഭയിലും യു.ഡി.എഫിനാണ് ഭൂരിപക്ഷം. പോസ്റ്റൽ വോട്ടുകളും കൊവിഡ് വോട്ടുകളും സർക്കാർ ദുർവിനിയോഗം ചെയ്തിട്ടുണ്ട്. കൊവിഡ് വോട്ടുകൾ ഉദ്യോഗസ്ഥർ വീട്ടിലെത്തി ചെയ്യിപ്പിച്ചത് പലതും മനപ്പൂർവം അസാധുവാക്കി. ഇത് പലരുടെയും വിജയത്തെ ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ മുൻ എം.എൽ.എ മാത്യു സ്റ്റീഫൻ, അഡ്വ. ജോസഫ് ജോൺ, അഡ്വ. ജോസി ജേക്കബ്, മനോഹർ നടുവിലേടത്ത് എന്നിവർ പങ്കെടുത്തു.