കോൺഗ്രസിലെ അനൈക്യമാണ് പരാജയ കാരണമെന്ന് ലീഗ്
തൊടുപുഴ: തദ്ദേശതിരഞ്ഞെടുപ്പിൽ ജില്ലയിൽ യു.ഡി.എഫിനുണ്ടായ തിരിച്ചടിയിൽ കോൺഗ്രസിനെ പഴിച്ച് ഘടകകക്ഷികൾ. മുസ്ലിംലീഗാണ് ഏറ്റവുമൊടുവിൽ കോൺഗ്രസിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. കോൺഗ്രസിനുള്ളിലെ അനൈക്യമാണ് പരാജയകാരണമെന്നാണ് മുസ്ലിംലീഗ് ജില്ലാ നേതൃയോഗത്തിന്റെ വിലയിരുത്തൽ. ഇക്കാര്യം ഗൗരവപൂർവം പരിശോധിക്കണമെന്ന് ഇവർ യു.ഡി.എഫ് നേതൃത്വത്തോട് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി. തിരഞ്ഞെടുപ്പ് ദിവസം പി.ജെ. ജോസഫും കോൺഗ്രസ് കാലുവാരിയത് കൊണ്ടാണ് പല സീറ്റുകളിലും പരാജയപ്പെട്ടതെന്ന് പറഞ്ഞിരുന്നു. കോൺഗ്രസ് വിമതരെ നിറുത്തി തങ്ങളുടെ സ്ഥാനാർത്ഥികളെ തോൽപിച്ചെന്നും സ്ഥാനാർത്ഥി നിർണയത്തിലും കോൺഗ്രസിന് പിഴച്ചെന്നും ജോസഫ് അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലീംലീഗും കോൺഗ്രസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. കോൺഗ്രസ് നേതാക്കൾക്കിടയിലുണ്ടായ അനൈക്യവും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ആസൂത്രണത്തിലും ഏകോപനത്തിലും ഉണ്ടായ ഗുരുതര വീഴ്ചചകളും ചിലരുടെ വല്യേട്ടൻ മനോഭാവവുമാണ് യു.ഡി.എഫിന് പ്രതീക്ഷിച്ച വിജയം നഷ്ടമാക്കിയതെന്ന് ലീഗ് ജില്ലാ നേതൃയോഗത്തിൽ അഭിപ്രായമുയർന്നു.
ആവശ്യമായ മുന്നൊരുക്കങ്ങളോ ഘടക കക്ഷികൾക്ക് അർഹമായ പരിഗണനയോ ഉണ്ടായില്ല. സീറ്റ് ധാരണകളും സ്ഥാനാർത്ഥി നിർണയവും വൈകിപ്പിച്ചത് പ്രവർത്തനങ്ങളെ ബാധിച്ചു. ലീഗിന് ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ മാന്യമായ പരിഗണന ലഭിച്ചില്ല. കോൺഗ്രസും കേരളാ കോൺഗ്രസും സീറ്റുകൾ വീതിച്ചെടുക്കുകയായിരുന്നെന്നും യോഗത്തിൽ വിമർശനമുയർന്നു. എപ്പോഴും യു.ഡി.എഫ് വോട്ട് ബാങ്കായി ലീഗ് അണികൾ നിൽക്കും എന്ന മനോഭാവമാണ് കോൺഗ്രസ് നേതാക്കൻമാർക്കുള്ളത്. വല്യേട്ടൻ ചിന്തകൾ മാറ്റി വച്ച് ഘടക കക്ഷികൾക്ക് അർഹമായ പരിഹണന നൽകിയില്ലങ്കിൽ യു.ഡി.എഫിന് സുരക്ഷിതമായി മുന്നോട്ടുപോകാനാകില്ലന്ന് യോഗം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസും കേരളാ കോൺഗ്രസും കാര്യമായ പിന്തുണ നൽകാത്തിടത്താണ് പാർട്ടിക്ക് പരാജയമുണ്ടായതെന്ന് യോഗം വിലയിരുത്തി. ജില്ലയിലെ സംഘടനാ കാര്യങ്ങൾ കീഴ്ഘടകങ്ങളിൽ നേരിട്ട് പങ്കെടുത്ത് പരിശോധിക്കാനും ആവശ്യമായ നിർദേശങ്ങൾ സമാഹരിച്ച് റിപ്പോർട്ട് ചെയ്യാനുമായി ആറംഗ സമിതിയെ യോഗം ചുമതലപ്പെടുത്തി.
ആർ.എസ്.പിയിൽ രാജി
നെടുങ്കണ്ടം: തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിയും യു.ഡി.എഫും അവഗണിച്ചെന്ന് ആരോപിച്ച് ആർ.എസ്.പിയിൽ നിന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളടക്കം 14 പേർ രാജിവച്ചു. ജില്ലാ സെക്രട്ടറിയേറ്റഗങ്ങളായ അജേഷ് മണികണ്ഠൻ, നൗഷാദ് ആലുമ്മൂട്ടിൽ, മണ്ഡലം കമ്മിറ്റി അംഗം ബെന്നി വർഗീസ്, ലോക്കൽ സെക്രട്ടറി എം.എ. നജീം എന്നിവരുടെ നേതൃത്വത്തിലാണ് മണ്ഡലം ലോക്കൽ കമ്മിറ്റി ഭാരവാഹികൾ രാജിവച്ചിരിക്കുന്നത്. സി.പി.എമ്മിൽ ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനമെന്ന് ഇവർ അറിയിച്ചു.