ഇതുവരെ കെ.എസ്.ആർ.ടി.സി മുഴുവൻ സർവീസും പുനരാരംഭിച്ചില്ല
തൊടുപുഴ: കഴിഞ്ഞ ദിവസം മുതൽ നിറുത്തിവച്ചിരുന്ന മുഴുവൻ സർവീസുകളും പുനരാരംഭിക്കാൻ കെ.എസ്.ആർ.ടി.സി ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ ജില്ലയിൽ നടപ്പിലാക്കാനാകുന്നില്ല. കണ്ടക്ടർമാരുടെയും മെക്കാനിക്കുകളുടെയും കുറവാണ് ജില്ലയിൽ ആനവണ്ടിയെ കട്ടപ്പുറത്താക്കുന്നത്. ലോക്ഡൗണിന് മുമ്പ് താത്കാലിക ജീവനക്കാരുണ്ടായിരുന്നു. ഇവരെ പിരിച്ചുവിട്ടതാണ് സർവീസ് പൂർണമായും പുനരാരംഭിക്കാൻ കഴിയാത്തതിന് കാരണം. തൊടുപുഴ ഡിപ്പോയിൽ നിന്ന് ഒരു ദിവസം 31 സർവീസുകൾ മാത്രമാണ് നടത്തുന്നത്. ലോക്ഡൗണിന് മുമ്പ് ഇത് 52 ആയിരുന്നു. 177 ഡ്രൈവർമാരുണ്ടെങ്കിലും 66 കണ്ടക്ടർമാർ മാത്രമാണുള്ളത്. ആകെ 15 മെക്കാനിക്കുകളാണുള്ളത്. ഒരു ഷിഫ്‌റ്റിൽ നാല് പേരെ പോലും ജോലിക്ക് കിട്ടില്ല. ജില്ലയിലെ മറ്റ് സ്ഥലങ്ങളിലെയും സ്ഥിതി ഇതുതന്നെയാണ്. ഹൈറേഞ്ചിൽ നിന്നുള്ള അന്തർസംസ്ഥാന സർവീസുകളും പുനരാരംഭിച്ചിട്ടില്ല. സർവീസുകൾ കുറഞ്ഞതോടെ വരുമാനവും പകുതിയിൽ താഴെയായി. ടയറുകളുടെയും സ്‌പെയർ പാർട്‌സുകളുടെയും ക്ഷാമവും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കൂടുതൽ ജീവനക്കാരെ അനുവദിക്കണമെന്ന് ജില്ലയിൽ നിന്ന് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയുമില്ല.
തിങ്കളാഴ്ച മുതൽ രണ്ട് സൂപ്പർഫാസ്റ്റ്
തിങ്കളാഴ്ച മുതൽ രണ്ട് ദീർഘദൂര സർവീസുകൾ കൂടി തൊടുപുഴ ഡീപ്പോയിൽ നിന്ന് അധികം ഓടിക്കാൻ തീരുമാനിച്ചിട്ടുണ്ട്. രണ്ടും തിരുവനന്തപുരം സൂപ്പർ ഫാസ്റ്റുകളാണ്. ഒന്ന് രാവിലെ 6.10നും അടുത്തത് വൈകിട്ട് 5.45നും. ജനുവരിയോടെ മാത്രമേ സർവീസുകൾ പൂർണതോതിൽ ആരംഭിക്കാൻ കഴിയൂ എന്നാണ് അധികൃതർ നൽകുന്ന സൂചന.