മറയൂർ: ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച് തോറ്റ യു.ഡി.എഫ് സ്ഥാനാർത്ഥി എൽ.ഡി.എഫിൽ ചേർന്നു. ജില്ലാ പഞ്ചായത്ത് ദേവികുളം ഡിവിഷനിൽ മത്സരിച്ച് തോറ്റ എസ്.ടി സ്ഥാനാർത്ഥി ശ്രീമുരുകൻ ആനന്ദാണ് കോൺഗ്രസിൽ നിന്നും ഇടതുമുന്നണിയിലെത്തിയത്. മറയൂർ സ്വദേശിയായ ശ്രീമുരുകൻ ആനന്ദ് മറയൂർ ഒന്നാം ഡിവിഷനിൽ മത്സരിക്കുന്നതിനാണ് സീറ്റ് ആവശ്യപ്പെട്ടത്. എന്നാൽ കോൺഗ്രസ് പ്രാദേശിക നേതൃത്വം സീറ്റ് നൽകാൻ തയ്യറായില്ല. ജില്ലാ നേതൃത്വം ഇടപെട്ട് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാൻ അവസരം നൽകി. പ്രചരണത്തിന് ആവശ്യമായ പോസ്റ്ററുകളും മറ്റ് സഹായങ്ങളും നൽകാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു. എന്നാൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി നേതാക്കൾ എത്തിയില്ലെന്ന് മാത്രമല്ല പോസ്റ്ററുകളും നൽകിയില്ലെന്നാണ് ആരോപണം. തിരഞ്ഞെടുപ്പിൽ ശ്രീ മുരുകൻ ആനന്ദ് 1112 വോട്ടുകൾക്കാണ് ഇടതുമുന്നണി സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടത്. മത്സരം കഴിഞ്ഞതോടെ കടക്കെണിയിലായെന്നും സംഭവം ജില്ലാ നേതൃത്വത്തിനെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും ഇദ്ദേഹം പറഞ്ഞു. ശനിയാഴ്ച വൈകിട്ട് മൂന്നാറിലെ ഏരിയാ സെക്രട്ടറി ലക്ഷ്മണന്റെ ആഫീസിലെത്തിയാണ് അംഗത്വം സ്വീകരിച്ചത്.