തൊടുപുഴ: പുറംലോകവുമായി ഒറ്റപ്പെട്ട് ഒരുഗ്രാമം , എന്നാൽ അധികൃതർ ഇതൊന്നും അറിഞ്ഞ ഭാവം നടിക്കുന്നില്ല. ചേലകാടും വില്ലൻ തണ്ടും ചേരുന്ന പ്രദേശത്ത് താമസിക്കുന്നവരാണ് പുറം ലോകവുമായി ബന്ധപ്പെടാനാവാതെ യാത്രാ ദുരിതത്തിൽ വലയുന്നത്. ആദിവാസി ഭൂരിപക്ഷ മേഖല എന്ന പരിഗണനപോലും റോഡുപണിയുന്ന കാര്യത്തിൽ ഇവിടെ ലഭിക്കുന്നില്ല. റോഡിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി . എന്നാൽ റോഡെന്ന ആശയം പോലും അധികൃതരുടെ മനസ്സിൽ തോന്നിയിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
നിർമ്മിക്കേണ്ടത് രണ്ടര
കിലോമീറ്റർ റോഡ്
ചേലക്കാടു നിന്നും വില്ലൻ തണ്ടു വഴി ഉപ്പുകുന്നു മേലെ സിറ്റിയിൽ എത്താനുള്ള ഏഴു കിലോമീറ്റർ റോഡാണ് പൂർത്തിയാകേണ്ടത്. വില്ലൻ തണ്ട് മലയുടെ ഇരുവശവും റോഡ് എത്തിനിൽക്കുന്ന രണ്ടര കിലോമീറ്റർ റോഡുകൂടി വെട്ടിത്തുറന്നാൽ ഈ റോഡുകൾ കൂടിച്ചേരും. 1995ൽ പി ടി തോമസ് എം എൽ എ ആയിരുന്ന കാലത്ത് മലയിഞ്ചി -ചേലകാട്- വില്ലൻതണ്ട് വഴി ഉപ്പുകുന്നിനുള്ള റോഡ് പണിയുന്നതിന് നടത്തിയ ശ്രമം വനം വകുപ്പിന്റ എതിർപ്പ് മൂലം തസ്സപ്പെട്ടിരുന്നു. തുടർന്ന് ഇതുവരെ റോഡ് വെട്ടിത്തുറക്കുന്നതിനുള്ള നടപടിയുണ്ടായിട്ടില്ല.400ലേറെ കുടുംബങ്ങൾക്കാണ് ഈ റോടു പണി പൂർത്തിയായാൽ പ്രയോജനപ്പെടുക. യാത്രാ സൗകര്യ ത്തിന്റ കുറവ് രോഗികൾക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രശ്നം. യാത്രാസൗകര്യ മില്ലാത്തതിനാൽ പലരും ഇവിടെ നിന്നും വാടകയ്ക്കും മറ്റും മാറിത്താമസിക്കുകയാണ്. അതോടെ ഇവിടെ അൾത്താമസം കുറഞ്ഞ് വരുകയാണ്. ഇവിടെ താമസിക്കുന്നവർക്ക് രോഗമുണ്ടായാൽ ആശുപത്രിയിൽ എത്തിക്കണമെങ്കിൽ രണ്ടു കിലോമീറ്റർ ചുമന്ന് വാഹനം എത്തുന്ന റോഡിൽ വരെ എത്തിക്കണം. വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോകണമെങ്കിൽ കാൽനടയാത്ര തന്നെ ശരണം.
അവഗണനക്കിടയിലും
പ്രതീക്ഷ
ഒരിക്കൽ അധികൃതർ കണ്ണ് തുറക്കുമെന്നും തടസ്സങ്ങൾ നീങ്ങി റോഡ് പണിയുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. യാത്രാ സൗകര്യ മില്ലാത്തതിനാൽ മറ്റ് സ്ഥലങളിൽ താമസിക്കേണ്ടി വന്ന സാഹചര്യം മാറി തങ്ങളുടെ കൃഷിയിടങ്ങളിലേക്കും വീടുകളിലേക്കും തിരികെ എത്തി ജീവിതം കരുപ്പിടിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വില്ലൻ തണ്ടിലുള്ളവർക്ക്.