തൊടുപുഴ: സ്കൂളുകളും കോളേജുകളും ഭാഗികമായി തുറക്കുന്നതോടെ വിദ്യാർത്ഥികളും അദ്ധ്യാപകരുമടക്കമുള്ളവർ പുതുവർഷത്തെ ഏറെ പ്രതീക്ഷയോടെ വരവേൽക്കുകയാണ്. ഒരു അദ്ധ്യയന വർഷം മുഴുവൻ വീട്ടിൽ കഴിയേണ്ടിവരുമെന്ന് കരുതിയപ്പോൾ പഠനകാലയളവിന്റെ അവസാന ഘട്ടത്തിലാണെങ്കിലും തങ്ങളുടെ ക്ളാസിലിരുന്ന് പഠിക്കാൻ ലഭിക്കുന്ന അവസരം പരമാവധി ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥികൾ തയ്യാറെടുപ്പിലാണ്.
വിദ്യാർത്ഥികൾ സ്‌കൂളുകളിലേക്ക് എത്തുമ്പോൾ ആശ്വാസത്തിനൊപ്പം ഒരുപിടി ആശങ്കകളും ഉയരുകയാണ്. അദ്ധ്യയനം ആരംഭിച്ചാൽ മാസങ്ങളായി തുടരുന്ന ഓൺലൈൻ ക്ലാസുകൾ വഴി കുട്ടികളും അദ്ധ്യാപകരും തമ്മിലുള്ള ആശയവിനിമയത്തിലെ പോരായ്മകൾ പരിഹരിക്കപ്പെടുമെന്നത് നേട്ടമാണ്. ആദ്യ രണ്ട്, മൂന്ന് മാസങ്ങൾ കഴിഞ്ഞത് മുതൽ പല കുട്ടികളും ഓൺലൈൻ ക്ലാസുകളിൽ കൃത്യമായി പങ്കെടുക്കാറില്ലായിരുന്നു. സ്കൂളുകൾ തുറക്കുന്നതോടെ ഈ അലസത മാറി കുട്ടികൾ പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുമെന്നത് ഗുണകരമാണ്. ജില്ലയിലെ ആദിവാസിമേഖലകളടക്കമുള്ള വിദൂരപ്രദേശങ്ങളിൽ നെറ്റ്‌വർക്ക് തകരാറും മറ്റും മൂലം ഓൺലൈൻ പഠനം നടത്താൻ കഴിയാത്ത കുട്ടികൾക്കും സ്കൂളുകളിൽ അദ്ധ്യയനം ആരംഭിക്കുന്നത് വലിയ ഉപകാരമാകും. അതേ സമയം ക്ലാസ് മുറികളിൽ വിദ്യാർത്ഥികൾ തമ്മിലുള്ള സാമൂഹിക അകലം ഉറപ്പു വരുത്തുന്നത് പ്രധാന വെല്ലുവിളിയാകും. ഈ വർഷം സ്‌കൂൾ അദ്ധ്യയനം ആരംഭിക്കാതിരുന്നതിനാൽ ഭൂരിഭാഗം കുട്ടികളും സ്കൂൾ യൂണിഫോമും ബാഗുമടക്കമുള്ള സാധനങ്ങൾ വാങ്ങിയിട്ടില്ല. പഴയത് നശിച്ചു പോയവരും പുതിയതായി ചേർന്നവരും രണ്ട് മാസത്തേക്കായി ഇവ വാങ്ങേണ്ടി വരുമോയെന്ന ആശങ്കയും രക്ഷിതാക്കൾക്കുണ്ട്.
ആദ്യമൊന്ന് ഇടപഴകാം
ഒരിടവേളയ്ക്ക് ശേഷം കുട്ടികൾ സ്കൂളിലെത്തുന്നതല്ലേ... നേരെ പാഠപുസ്തകം തുറന്ന് പഠിപ്പിക്കാൻ ആരംഭിച്ചാൽ അത് കുട്ടികളെ സമ്മർദ്ദത്തിലാക്കും. അതിനാൽ ആദ്യം കുട്ടികളും അദ്ധ്യാപകരും തമ്മിലൊരു പരിചയം പുതുക്കലും കൊച്ചുവർത്തമാനവും കഴിഞ്ഞാകും പഠനത്തിലേക്ക് തിരിയുക.
മാസങ്ങളായി തുടരുന്ന ഓൺലൈൻ ക്ലാസുകളിൽ കുട്ടികളുടെ അലസത പ്രകടമാണ്. ഇതേ മനോഭാവം സ്‌കൂളിൽ എത്തിയാലും കുറച്ചു നാൾ തുടരാനുള്ള സാദ്ധ്യതയുമുണ്ട്.
സിലബസ് തീരുമോ
സിലബസിന്റെ മൂന്നിലൊന്ന് ഭാഗം മാത്രമാണ് ഓൺലൈൻ ക്ലാസ് വഴി പൂർത്തിയാക്കാൻ സാധിച്ചത്. ഫെബ്രുവരി അവസാനം വരെയാണ് ക്ലാസുകളുണ്ടാകുക. പൊതുപരീക്ഷങ്ങൾ മാർച്ച് മാസത്തിൽ തന്നെയുണ്ടാകും. അതിനാൽ ഇനിയുള്ള രണ്ട് മാസത്തിനകം സിലബസ് തീർക്കാൻ അദ്ധ്യാപകർ ഏറെ കഷ്ടപ്പെടേണ്ടി വരും. പാഠങ്ങൾ പൂർണമായും പൂത്തിയാകാതെ പരീക്ഷയെ നേരിടേണ്ടിവരുന്നത് കുട്ടികളിലെ സമ്മർദ്ദം വർദ്ധിപ്പിച്ചേക്കും.
ഒരു ക്ലാസിൽ പത്ത് കുട്ടികൾ
സാമൂഹിക അകലം പാലിക്കേണ്ടതിനാൽ ഒരു ക്ലാസിൽ പത്ത് കുട്ടികളെയാണ് പഠിപ്പിക്കുക. അതനുസരിച്ച് ബഞ്ചും ഡെസ്കും ക്രമീകരിക്കും. ബാക്കിയുള്ളവരെ ഒഴിവുള്ള മറ്റ് ക്ലാസുകളിൽ പഠിപ്പിക്കും. നിലവിലെ അവസ്ഥയിൽ ഉച്ചവരെ മാത്രമാണ് ക്ലാസുകളുണ്ടാകുക.
''സ്കൂളുകൾ തുറക്കുകയാണെന്ന് പറയാനാകില്ല. പകുതി കുട്ടികൾക്ക് സംശയനിവാരണത്തിനായി സ്കൂളുകളിലെത്താമെന്നാണ് സർക്കാർ നിർദേശം. ജില്ലയിലെ സ്കൂളുകളിലെ സൗകര്യം പരിശോധിച്ച് സാമൂഹികഅകലം പാലിച്ച് അദ്ധ്യയനം നടത്താനുള്ള സംവിധാനം ചെയ്യും"
-വി.എ. ശശീന്ദ്രവ്യാസ് (ഡി.ഡി.ഇ)