
തൊടുപുഴ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിജയാഘോഷത്തിനിടെ പടക്കം പൊട്ടി പൊള്ളലേറ്റ യു.ഡി.എഫ് പ്രവർത്തകൻ മരിച്ചു. തൊടുപുഴ അരിക്കുഴ പുത്തൻപുരയ്‌ക്കൽ രവീന്ദ്രനാണ് (60) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ മരിച്ചത്. 16ന് ഉച്ചയ്‌ക്ക് 12.30ന് മണക്കാട് പഞ്ചായത്തിലെ ഒന്നാം വാർഡിലെ യു.ഡി.എഫ് പ്രവർത്തകരുടെ വിജയാഘോഷത്തിനിടെയായിരുന്നു അപകടം.
രണ്ടാം വാർഡിൽ താമസിക്കുന്ന രവീന്ദ്രനും പിക്കപ്പ് വാനിൽ കയറി ആഘോഷത്തിൽ പങ്കെടുത്തു. പാറക്കടവിൽ വച്ച് പ്രവർത്തകർ പടക്കം പൊട്ടിക്കുന്നതിനിടെ തീപ്പൊരി വണ്ടിയിലേക്ക് തെറിച്ചു വീണു. തുടർന്ന് വണ്ടിയിലിരുന്ന മാലപ്പടക്കം കൂട്ടത്തോടെ പൊട്ടി രവീന്ദ്രനും ഒപ്പമുണ്ടായിരുന്ന നാല് പേർക്കും പൊള്ളലേൽക്കുകയായിരുന്നു. ഉടൻ ഇവരെ വാഴക്കുളത്തെയും എറണാകുളത്തെയും സ്വകാര്യ ആശുപത്രികളിലെത്തിച്ചു. അഖിൽ, ബിൻസ്, അമൽ, ഷിജോ എന്നിവരാണ് സംഭവത്തിൽ പൊള്ളലേറ്റ മറ്റുള്ളവർ. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: രമ. മകൾ: രമ്യ. മരുമകൻ: വിബിൻ.