തൊടുപുഴ: കൊവിഡ് ബാധിച്ച ആലക്കോട് ഗ്രാമപഞ്ചായത്ത് അംഗം സത്യപ്രതിജ്ഞ ചെയ്തത് പി.പി.ഇ കിറ്റിട്ട് കാറിനുള്ളിലിരുന്ന്. പഞ്ചായത്തിലെ 11-ാം വാർഡിൽ നിന്ന് വിജയിച്ച ബൈജു ജോർജ് കുടക്കച്ചിറയിലാണ് പി.പി.ഇ കിറ്റ് ധരിച്ചെത്തി സത്യപ്രതിജ്ഞ ചെയ്തത്. പ്രചാരണത്തിനിടെ നിരീക്ഷണത്തിലായിരുന്ന ബൈജു വിജയിച്ച ശേഷം ശനിയാഴ്ച്ചയാണ് കൊവിഡ് സ്ഥീരികരിച്ചത്. തുടർന്ന് മുട്ടത്തെ കൊവിഡ് കെയർ സെന്ററിൽ ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് സത്യപ്രതിജ്ഞ നടക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെയും ഡോക്ടറുടെയും അനുമതി ലഭിച്ചതോടെ ബൈജു പി.പി.ഇ കിറ്റുമണിഞ്ഞ് കാറിൽ പഞ്ചായത്ത് ആഫീസിലെത്തി. മുതിർന്ന അംഗം ജോസഫ് മാണിശേരി പി. പി. ഇ കിറ്റിട്ട് ചൊല്ലിക്കൊടുത്ത സത്യവാചകങ്ങൾ പുറത്തിറങ്ങാതെ കാറിനുള്ളിലിരുന്ന് ബൈജു ജോസഫ് ഏറ്റുചൊല്ലി. കൈയിൽ കരുതിയ പേനയുപയോഗിച്ച് റിട്ടേണിങ് ആഫീസർ വി.ആർ. ഷാജി നീട്ടിയ രജിസ്റ്ററിൽ ഒപ്പിട്ട് പഞ്ചായത്ത് അംഗവുമായി. പിന്നെ ചികിത്സാ കേന്ദ്രത്തിലേക്ക് മടക്കം. ബൈജുവിനെ കൂടാതെ നെടുങ്കണ്ടത്തും പഞ്ചായത്തംഗം പി.പി.ഇ കിറ്റുമിട്ട് സത്യപ്രതിജ്ഞ ചെയ്തിരുന്നു.