ഇടുക്കി: നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടർ പട്ടിക പുതുക്കൽ നടപടികൾ ആരംഭിച്ചു. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. പേര് വിട്ടു പോയവർക്കും പുതുതായി പേര് ചേർക്കേണ്ടവർക്കും ഡിസംബർ 31 വരെ ആക്ഷേപങ്ങളും അവകാശങ്ങളും ഉന്നയിക്കാം. താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, മുൻസിപ്പൽ ഓഫീസ്, പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലും ബി.എൽ.ഒമാരുടെ പക്കലും വോട്ടർപട്ടിക പരിശോധനയ്ക്ക് ലഭ്യമാണ്. അന്തിമ വോട്ടർപട്ടിക ജനുവരി 15ന് പ്രസിദ്ധീകരിക്കും.

2021 ജനുവരി ഒന്നിന് 18 വയസ്സ് തികയുന്നവർക്കും പേരുചേർക്കാം nvsp.in വെബ്‌സൈറ്റ് മുഖേനയാണ് പേരു ചേർക്കേണ്ടത്. പേര് രേഖപ്പെടുത്തിയിട്ടുളള ജനന സർട്ടിഫിക്കറ്റ്, സ്‌കൂൾ അഡ്മിഷൻ രജിസ്റ്ററിന്റെ പകർപ്പ്, എസ്എസ്എൽസി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ഡ്രൈവിംഗ് ലൈസൻസിന്റെ പകർപ്പ്, വിലാസം രേഖപ്പെടുത്തിയ റേഷൻകാർഡിന്റെ പകർപ്പ് പാസ്‌പോർട്ടിന്റെ പകർപ്പ് തുടങ്ങിയ രേഖകൾ ഉപയോഗിക്കാം. നെറ്റ് കണക്ഷൻ ഉള്ള ഒരു സ്മാർട്ട്‌ഫോണിന്റെ സഹായത്തോടെ വളരെ എളുപ്പത്തിൽ ചെയ്യാവുന്നതാണ്. അല്ലെങ്കിൽ അക്ഷയ സെന്റർ വഴി രജിസ്റ്റർ ചെയ്യാം. ഫോറം6 ലാണ് അപേക്ഷ നൽകേണ്ടത്

ഇതുവരെ വോട്ടർപട്ടികയിൽ പേരു ചേർക്കാത്ത 18 വയസ്സ് കഴിഞ്ഞവർ, വോട്ടവകാശമുള്ള മറ്റുള്ളവർ എന്നിവരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ് ജില്ലയിലെയും താലൂക്കുകളിലെയും ഇലക്ഷൻ വിഭാഗം. കോളേജുകൾ, ആദിവാസി മേഖലകൾ എന്നിവിടങ്ങളിൽ നിന്ന് പുതിയ വോട്ടർമാരെ കണ്ടെത്താൻ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സാജൻ വി കുര്യാക്കോസിന്റെ നേതൃത്വത്തിൽ ഊർജ്ജിത ശ്രമം നടത്തിവരുന്നു. ജില്ലയിലെ മുഴുവൻ മൂന്നാംലിംഗക്കാരെയും പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. എല്ലാ വിഭാഗം ജനങ്ങളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടർ എച്ച്. ദിനേശൻ അറിയിച്ചു.