തൊടുപുഴ: കൊവിഡ് ബാധിച്ച് മരിച്ച ബന്ധുവിന്റെ മൃതദേഹം ഏറ്റുവാങ്ങുന്നതിനായി കാറിൽ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പുറപ്പെട്ട കുടയത്തൂർ മുഹിയുദ്ദീൻ ജുമാ മസ്ജിദ് ചീഫ് ഇമാം ഹാഫിസ് മുഷ്താഖ് മൗലവി അൽഖാസിമിയെ തൊടുപുഴ സി.ഐ അധിക്ഷേപിച്ചതായി പരാതി. കാരിക്കോട് ജംഗ്ഷന് സമീപം തന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് തൊടുപുഴ സി.ഐ പൊലീസ് വാഹനം ഓവർടേക്ക് ചെയ്ത് തടഞ്ഞിടുകയും ജനമദ്ധ്യത്തിൽ അധിക്ഷേപിക്കുകയും ചെയ്തതായാണ് പരാതി. വാഹന പരിശോധന നടത്തി മൊബൈൽ ഫോൺ പിടിച്ചു വാങ്ങി. സി.ഐയുടെ കൈയേറ്റ ശ്രമത്തിന് എതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ജില്ല പൊലീസ് മേധാവിക്കും പരാതി നൽകിയതായി ഇമാം മുഷ്താഖ് മൗലവി അറിയിച്ചു. അതേസമയം പരാതി അടിസ്ഥാനരഹിതമാണെന്ന് സി.ഐ സുധീർ മനോഹർ പറഞ്ഞു. ഫോൺ വിളിച്ചുകൊണ്ട് അലക്ഷ്യമായി വാഹനമോടിച്ചതിന് ഇമാമിനെതിരെ കേസെടുക്കുക മാത്രമാണ് ചെയ്തതെന്ന് സി.ഐ പറഞ്ഞു.