നെടുങ്കണ്ടം: രാമക്കൽമേട്ടിലെ രാമക്കല്ലിന്റെ മുകളിൽ നിന്ന് കൂട്ടാർ സ്വദേശി ചാടിയതായി സംശയം. സംഭവത്തെക്കുറിച്ച് നെടുങ്കണ്ടം പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ വൈകിട്ടാണ് സംഭവം. ഒറ്റക്കട തേനംപറമ്പിൽ രാജശേഖരപിള്ളയാണ് ചാടിയതായി സംശയിക്കുന്നത്. താൻ ആത്മഹത്യ ചെയ്യുകയാണന്ന് ഇയാൾ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ വിളിച്ചറിയിച്ചിരുന്നു. സ്റ്റേഷനിൽ നിന്ന് രാമക്കൽമേട്ടിലെ പൊലീസ് ഔട്ട്പോസ്റ്റിലേക്ക് വിവരം കൈമാറി. തുടർന്ന് ഹോം ഗാർഡ് മല മുകളിലെത്തിയപ്പോൾ ഒരാൾ താഴേക്ക് ചാടിയതായി അവിടെയുണ്ടായിരുന്ന വിനോദസഞ്ചാരികൾ അറിയിച്ചു. പിന്നീട് നെടുങ്കണ്ടം പൊലീസും സ്ഥലത്തെത്തി. രാത്രിയായതിനാൽ തെരച്ചിൽ നടത്താൻ കഴിഞ്ഞില്ല. പാറക്കെട്ടിൽ നിന്ന് ഒരു പ്ലാസ്റ്റിക് പൊതിയും കണ്ടെത്തിയിട്ടുണ്ട്. തമിഴ്‌നാട് തേവാരം പൊലീസിനെയും വിവരം അറിയിച്ചിട്ടുണ്ട്. ഇന്ന് രാവിലെ മുതൽ പ്രദേശവാസികളുടെ സഹായത്തോടെ തിരച്ചിൽ നടത്തുമെന്ന് നെടുങ്കണ്ടം പൊലീസ് അറിയിച്ചു. തമിഴ്‌നാട് പൊലീസും പരിശോധനയ്ക്കെത്തും.