തൊടുപുഴ: തൊടുപുഴ നഗരസഭാ കൗൺസിലിൽ വനിതികളുടെ മൃഗീയ ഭൂരിപക്ഷം. 35 അംഗ കൗൺസിലിൽ 21 പേരും വനിതകളാണ്. കഴിഞ്ഞ തവണ കൗൺസിലിൽ അംഗങ്ങളായിരുന്ന ജിഷ ബിനു, സഫിയ ജബ്ബാർ, ജെസി ജോണി, സബീന ബിഞ്ചു, മിനി മധു, ആർ. ഹരി, പ്രൊഫ. ജെസി ആന്റണി, ബിന്ദു പദ്മകുമാർ എന്നിവർ ഇത്തവണയും കൗൺസിലിൽ അംഗങ്ങളായി. നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു. റിട്ടേണിംഗ് ആഫീസറായിരുന്ന ഇടുക്കി ആർ.ഡി.ഒ സി.ജെ. സെബാസ്റ്റ്യൻ നഗരസഭ ഹാളിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് നേതൃത്വം നൽകി. ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടവരിൽ മുതിർന്ന അംഗമായ 11-ാം വാർഡായ കല്ലുമാരിയിൽ നിന്ന് വിജയിച്ച മാത്യു ജോസഫാണ് ആർ.ഡി.ഒയ്ക്ക് മുമ്പാകെ ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് അദ്ദേഹം ഒന്നു മുതൽ 35 വരെ വാർഡുകളിൽ നിന്ന് വിജയിച്ചവർക്ക് ക്രമമായി സത്യ വാചകം ചൊല്ലിക്കൊടുത്തു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. യു.ഡി.എഫ്- 13, എൽ.ഡി.എഫ്- 12, ബി.ജെ.പി- 8, സ്വതന്ത്രർ- 2 എന്നിങ്ങനെയാണ് ഇത്തവണത്തെ കക്ഷി നില. സത്യ പ്രതിജ്ഞ ചടങ്ങിനു ശേഷം കൗൺസിൽ ഹാളിൽ പ്രഥമ യോഗവും ചേർന്നു. 28ന് രാവിലെ 10ന് ചെയർമാൻ തിരഞ്ഞെടുപ്പും ഉച്ചകഴിഞ്ഞ് രണ്ടിന് വൈസ് ചെയർമാൻ തിരഞ്ഞെടുപ്പും നടക്കും.