idukki

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനലാണ് തദ്ദേശതിരഞ്ഞെടുപ്പെന്ന് പറയാറുണ്ടെങ്കിലും കേരള കോൺഗ്രസുകാർക്ക് അതൊരു ജീവന്മരണ പോരാട്ടമായിരുന്നു. യു.ഡി.എഫ് വിട്ട് ഇടതിനൊപ്പം ചേർന്ന ജോസിനാണോ ജോസ് കെ. മാണി വിഭാഗം കൂടെയില്ലാത്ത ജോസഫിനാണോ കേരള രാഷ്ട്രീയത്തിൽ കൂടുതൽ കരുത്തെന്ന് ഇരുക്കൂട്ടർക്കും തെളിയിക്കണമായിരുന്നു. തങ്ങളാണ് യഥാർത്ഥ കേരളകോൺഗ്രസെന്ന് സ്വന്തം മുന്നണികളെ തന്നെ ബോദ്ധ്യപ്പെടുത്തണമായിരുന്നു. മൂന്ന് മാസങ്ങൾക്ക് അകമെത്തുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ചോദിച്ചു വാങ്ങാനും മികച്ച വിജയം അനിവാര്യമായിരുന്നു. ഫലം വന്നപ്പോൾ ആഞ്ഞുവീശിയ ഇടതുകാറ്റിനൊപ്പം മദ്ധ്യകേരളത്തിൽ രണ്ടില പാറി കളിച്ചു. ചെണ്ടയുടെ ശബ്ദം വേണ്ടത്ര മുഴങ്ങിക്കേട്ടില്ല. ഇടുക്കിയിലെ ലോറേഞ്ചിലും നഗരപ്രദേശങ്ങളിലും മാത്രമായി ജോസഫ് വിഭാഗത്തിന്റെ വിജയം ചുരുങ്ങി.

ഹൈറേഞ്ചിലെ തോട്ടം മേഖലകളിലടക്കം ജോസ് കെ. മാണി പക്ഷത്തിന്റെ പിൻബലത്തിൽ ഇടതുപക്ഷം വലിയ വിജയം നേടി. 2015ൽ ഹൈറേഞ്ച് സംരക്ഷണ സമിതിയുണ്ടായിട്ടും പിടിക്കാനാകാത്ത ജില്ലാ- ബ്ലോക്ക്- ഗ്രാമപഞ്ചായത്തുകളാണ് എൽ.ഡി.എഫ് പിടിച്ചെടുത്തത്. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫിൽ നിന്ന് ഇടതുപക്ഷം തിരികെപിടിച്ചു. വണ്ടന്മേട്, രാജാക്കാട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തും ഇടതുപക്ഷം പിടിച്ചെടുത്തു. ഉടുമ്പഞ്ചോലയിൽ ആകെയുള്ള 10 ഗ്രാമപഞ്ചായത്തുകളിൽ ഒമ്പതും എൽ.ഡി.എഫ് നേടി. ഇതിൽ ആറെണ്ണവും ജോസ് കെ. മാണി പക്ഷത്തിന്റെ പിന്തുണയോടെ യു.ഡി.എഫിൽ നിന്ന് തിരികെ പിടിച്ചെടുത്തതാണ്. വണ്ടിപ്പെരിയാർ, ഉപ്പുതറ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും അഴുത ബ്ലോക്ക് പഞ്ചായത്തും എൽ.ഡി.എഫ് പിടിച്ചെടുത്തു. പി.ജെ. ജോസഫിന്റെ തട്ടകമായ തൊടുപുഴയടക്കമുള്ള ലോറേഞ്ച് മേഖലയിലും രണ്ട് നഗരസഭകളിലും മാത്രമാണ് യു.ഡി.എഫ് തകരാതെ പിടിച്ചുനിന്നത്.

അതേസമയം ജോസ് കെ. മാണി പക്ഷത്തിന്റെ പ്രമുഖ എം.എൽ.എയായ റോഷി അഗസ്റ്റിന്റെ സ്വന്തം തട്ടകമായ ഇടുക്കി നിയോജകമണ്ഡലത്തിൽ എൽ.ഡി.എഫിന് നേട്ടമുണ്ടാക്കാനാകാത്തത് ക്ഷീണമായി. യു.ഡി.എഫ് ഭരിക്കുന്ന കട്ടപ്പന നഗരസഭയിൽ കഴിഞ്ഞ തവണ 13 സീറ്റുകളുണ്ടായിരുന്ന എൽ.ഡി.എഫിന് ഇത്തവണ ഒമ്പതെണ്ണം മാത്രമാണ് ലഭിച്ചത്. 13 സീറ്റുകളിൽ മത്സരിച്ച കേരള കോൺഗ്രസ് ജോസ് വിഭാഗം രണ്ടിടത്ത് മാത്രമാണ് വിജയിച്ചത്. കേരള കോൺഗ്രസ് ജോസഫ്- ജോസ് വിഭാഗങ്ങൾ നേരിട്ട് ഏറ്റുമുട്ടിയ നാലു വാർഡുകളിൽ മൂന്നിടങ്ങളിലും ജോസഫ് വിഭാഗം വിജയിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്തും യു.ഡി.എഫ് നിലനിറുത്തി.

തുടക്കം തന്നെ പിഴച്ചു

യു.ഡി.എഫിന് വലിയ മേൽക്കോയ്മയുണ്ടായിരുന്ന ജില്ലയായ ഇടുക്കിയിൽ ഇത്ര വലിയ പരാജയത്തിന് ഒരു പ്രധാന കാരണം സീറ്റ് വിഭജനത്തിലെയും സ്ഥാനാർത്ഥി നിർണയത്തിലെയും പാളിച്ചകളായിരുന്നു. നാമനിർദേശപത്രിക സമർപ്പിച്ചു കഴിഞ്ഞു പോലും പലയിടങ്ങളിലും സീറ്റ് വിഭജന ചർച്ച തീർന്നില്ലെന്ന് പറഞ്ഞാൽ അതിശയോക്തിയാകില്ല. ജോസ് കെ. മാണി വിഭാഗം മത്സരിച്ചിരുന്ന സീറ്റുകളെല്ലാം തങ്ങൾക്ക് തന്നെ വേണമെന്ന് ജോസഫ് വിഭാഗം വാശിപിടിച്ചതും ഇത് ഏറ്റെടുക്കാൻ കോൺഗ്രസ് ശ്രമിച്ചതുമാണ് സീറ്റുവിഭജനം കീറാമുട്ടിയാക്കിയത്. ഇത്തരത്തിൽ ചോദിച്ച് വാങ്ങിയ ഭൂരിഭാഗം സീറ്റുകളിലും ജോസഫ് വിഭാഗം തോൽക്കുന്ന കാഴ്ചയാണ് ഫലം വന്നപ്പോൾ കണ്ടത്. മിക്കയിടങ്ങളിലും യു.ഡി.എഫിന് വിമത സ്ഥാനാർത്ഥിയുണ്ടായിരുന്നു. തൊടപുഴ നഗരസഭയിലടക്കം വിമതർ വിജയിക്കുകയും ചെയ്തു. കോൺഗ്രസ് കാലുവാരിയെന്ന് ഫലം വന്നപ്പോൾ പി.ജെ. ജോസഫ് പറഞ്ഞതും ഇതുകൊണ്ടാണ്.