
തൊടുപുഴ: നഗരമദ്ധ്യത്തിൽ കാറിലുണ്ടായ തീപിടിത്തം അണച്ചത് റോഡരികിലിരുന്ന സ്വാമിയെന്ന ചെരുപ്പുകുത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ തൊടുപുഴ പാർക്കിന് മുമ്പിലായിരുന്നു സംഭവം. കോടിക്കുളം ഇടശേരിൽ ടിൻസും കുടുംബവും സഞ്ചരിച്ചിരുന്ന കാറിലാണ് തീപിടുത്തമുണ്ടായത്. ഭാര്യ ഷെമിലും രണ്ട് വയസുകാരിയായ മകൾ ടിയാനയും കാറിലുണ്ടായിരുന്നു. ബോണറ്റിൽ നിന്ന് തീ ഉയരുന്നത് കണ്ട് ടിൻസ് പാർക്കിന് മുമ്പിൽ വാഹനം നിറുത്തി. പുറത്തിറങ്ങി ബോണറ്റ് തുറന്നപ്പോഴേക്കും തീ ആളിക്കത്തി. ഈ സമയം സമീപത്ത് ഇരുന്ന് ചെരുപ്പുകുത്തുന്ന നാട്ടുകാർ സ്വാമിയെന്ന് സ്നേഹത്തോടെ വിളിക്കുന്ന ചന്ദ്രശേഖരൻ നായർ (56) ഓടിയെത്തി തന്റെ കൈവശമുണ്ടായിരുന്ന ജെഗ്ഗിലെ വെള്ളമൊഴിച്ച് തീ അണയ്ക്കുകയായിരുന്നു. തുടർന്ന് പാർക്കിനുള്ളിലെ ടാപ്പിൽ നിന്ന് വീണ്ടും വെള്ളമെടുത്ത് കൊണ്ടുവന്ന് ഒഴിച്ച് തീ പൂർണമായും കെടുത്തി. അപ്പോഴേക്കും ഫയർഫോഴ്സ് സ്ഥലത്തെത്തി. സ്വാമി സമയോചിതമായി ഇടപെട്ടില്ലായിരുന്നെങ്കിൽ കാർ പൂർണമായും കത്തി നശിക്കുമായിരുന്നു. കുമാരമംഗലം താഴപ്പിള്ളിൽ ചന്ദ്രശേഖരൻ നായർ 20 വർഷമായി തൊടുപുഴയിൽ ചെരുപ്പുകുത്തിയായി ജോലി ചെയ്യുന്നു. ഗിരിജയാണ് ഭാര്യ. മക്കൾ: ഉണ്ണി, ചിത്തിര.