തൊടുപുഴ: തദ്ദേശ തിരഞ്ഞെടുപ്പിൽ തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിൽ വ്യക്തമായ ഭൂരിപക്ഷം നേടിയ യു ഡി എഫിൽ അധികാര സ്ഥാനങ്ങൾ പങ്കിടുന്ന കാര്യത്തിൽ തീരുമാനമായില്ല. യു ഡി എഫ് 8, എൽ ഡി എഫ് 5 എന്നിങ്ങനെയാണ് ബ്ലോക്ക് പഞ്ചായത്തിൽ കക്ഷി നില. യു ഡി എഫിന് ലഭിച്ച 8 സീറ്റിൽ കോൺഗ്രസിനും കേരളാകോൺഗ്രസിനും 4 വീതം അംഗങ്ങളാണുളളത്. ബ്ളോക്ക് പ്രസിഡന്റ് സ്ഥാനം ഇത്തവണ വനിതാ സംവരണമാണ്. തെക്കുംഭാഗം ഡിവിഷനിൽ നിന്നുള്ള സുനി സാബു, മ്രാല ഡിവിഷനിൽ നിന്നുള്ള ലാലി ജോയി എന്നിവരാണ് ഭരത്തിലെത്തിയ കോൺഗ്രസ് വനിത അംഗങ്ങൾ. തുടങ്ങനാട് ഡിവിഷനിൽ നിന്നുള്ള ഗ്ലോറി കെ എ, കരിങ്കുന്നം ഡിവിഷനിൽ നിന്നുള്ള ട്രീസ ജോസ്, പുറപ്പുഴ ഡിവിഷനിൽ നിന്നുള്ള അന്നു അഗസ്റ്റ്യൻ എന്നിവരാണ് കേരള കോൺഗ്രസ് വനിത അംഗങ്ങൾ. പ്രസിഡന്റ് , വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വീതം വെപ്പിൽ തീരുമാനം ആകാത്തതിനാൽ ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ പ്രശ്ന പരിഹാരത്തിന് 24 ന് യു ഡി എഫ് ജില്ലാ കമ്മറ്റി ചേരുമെന്നും ഇതിന് ശേഷമേ വ്യക്തത വരുകയുള്ളു എന്നും നേതാക്കൾ അറിയിച്ചു.