തൊടുപുഴ: ഗ്രാറ്റുവിറ്റി കൺട്രോൾ അതോറിറ്റി അനുകൂല ഉത്തരവ് പാസാക്കിയിട്ടും നൽകാതിരിക്കുന്ന കോഴിക്കാനം എസ്റ്റേറ്റിലെ തൊഴിലാളിയുടെ ഗ്രാറ്റുവിറ്റി എത്രയും വേഗം തൊഴിലാളിക്ക് ലഭ്യമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. തുക ലഭിക്കാൻ കൺട്രോളിംഗ് അതോറിറ്റിയായ കോട്ടയം ഡപ്യൂട്ടി ലേബർ കമ്മീഷണർക്ക് അപേക്ഷ നൽകണമെന്ന് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് പരാതിക്കാർക്ക് നിർദ്ദേശം നൽകി. അപേക്ഷ ലഭിച്ചാലുടൻ നിയമപരമായ നടപടി സ്വീകരിച്ച് പരാതി പരിഹരിക്കണമെന്ന് കമ്മീഷൻ ഉത്തരവ് നൽകി.
കോഴിക്കാനം സ്വദേശിനി സരസ്വതി സമർപ്പിച്ച പരാതിയിലാണ് നടപടി. സരസ്വതിയുടെ ഭർത്താവിന്റെ ഗ്രാറ്റുവിറ്റിയാണ് ലഭിക്കാത്തത്. 2019 ജൂൺ 28 നാണ് പരാതിക്കാർക്ക് അനുകൂലമായി ഉത്തരവ് കിട്ടിയത്. തുക നൽകാത്തതിനെ തുടർന്ന് 2020 മാർച്ച് 17 ന് ഏലപ്പാറ ബഥേൽ പ്ലാന്റേഷൻസിന് നോട്ടീസ് നൽകിയതായി കോട്ടയം ഡപ്യൂട്ടി ലേബർ കമ്മീഷണർ കമ്മീഷനെ അറിയിച്ചു. നോട്ടിസിന് മറുപടി ലഭിക്കാത്തതിനെ തുടർന്ന് ജില്ലാ കളക്ടർ മുഖാന്തിരം റവന്യു റിക്കവറി നടപടികൾ തുടങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. റിക്കവറി നടപടികൾ എത്രയും വേഗം പൂർത്തിയാക്കി ഗ്രാറ്റുവിറ്റി ലഭ്യമാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ജില്ലാ കളക്ടർക്കും ഡപ്യൂട്ടി ലേബർ കമ്മീഷണർക്കുമാണ് ഉത്തരവ് നൽകിയത്.