 കാർ കൽക്കെട്ടിൽ തട്ടി നിന്നതിനാൽ പുഴയിൽ പതിച്ചില്ല

തൊടുപുഴ: സ്വകാര്യ ആശുപത്രി വളപ്പിൽ പാർക്ക് ചെയ്തിരുന്ന കാർ പിന്നിലേക്കുരുണ്ടപ്പോൾ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാൽ കുടുങ്ങിയ വീട്ടമ്മയെ ഫയർഫോഴ്‌സെത്തി രക്ഷപ്പെടുത്തി. ആശുപത്രിയുടെ പിന്നിലുള്ള തൊടുപുഴയാറിലേക്ക് പതിക്കുന്നതിനു മുമ്പ് കാർ കൽക്കെട്ടിൽ തട്ടി നിന്നതിനാൽ വൻ അപകടം ഒഴിവായി. ഇടവെട്ടി പാറേക്കണ്ടത്തിൽ ഷുക്കൂറിന്റെ ഭാര്യ നജ്മിയുടെ (30) കാലിനാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാഴികാട്ട് ആശുപത്രിയ്ക്ക് സമീപം ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. മക്കളെ ഡോക്ടറെ കാണിക്കാനാണ് ഭാര്യയുമായി ഷുക്കൂർ ആശുപത്രിയിലെത്തിയത്. ഡോക്ടറെ കണ്ടതിനു ശേഷം ഇവരെ കാറിലിരുത്തി ആശുപത്രിയിലുള്ള ബന്ധുക്കളെ കാണുന്നതിനായി ഷുക്കൂർ പോയ സമയത്താണ് വാഹനം പിന്നിലേക്കുരുണ്ടത്. ഈ സമയം നജ്മിയും രണ്ടര വയസുള്ള മകനും കാറിനുള്ളിലും ഏഴു വയസുള്ള മകൾ പുറത്തുമായിരുന്നു. പിന്നിലേക്കുരുണ്ട് പുഴയിൽ പതിക്കുമെന്നായതോടെ മകനുമായി വാഹനത്തിൽ നിന്നും പുറത്തു കടക്കാനുള്ള ശ്രമത്തിനിടെയാണ് നജ്മിയുടെ കാൽ കൽക്കെട്ടിനും കാറിനുമിടയിൽപ്പെട്ടത്. കാറിന്റെ പിൻടയർ പുഴയിലേക്കു കടന്നെങ്കിലും മുൻചക്രം മൺതിട്ടയിൽ തട്ടിയതോടെ വാഹനം നിന്നു. സ്ഥലത്തുണ്ടായിരുന്നവർ ഉടൻ തന്നെ ഫയർഫോഴ്‌സിനെ വിവരമറിയിച്ചു. ഫയർഫോഴ്‌സ് സംഘമെത്തി വാഹനം പുഴയിലേക്ക് പതിക്കാതെ വടം കെട്ടി നിറുത്തിയതിനു ശേഷം കട്ടർ ഉപയോഗിച്ച് ഡോർ അകത്തി നജ്മിയെ പുറത്തെടുക്കുകയായിരുന്നു. അൽപ്പം കൂടി വാഹനം നീങ്ങിയിരുന്നെങ്കിൽ കാർ പുഴയിൽ പതിക്കുമായിരുന്നെന്നും ഭാഗ്യം കൊണ്ടാണ് ഭാര്യയും കുഞ്ഞും അപകടത്തിൽ നിന്ന് രക്ഷപെട്ടതെന്നും ഷുക്കൂർ പറഞ്ഞു.