തൊടുപുഴ: പ്രതിമാസം 600 രോഗികൾ ജില്ലയ്ക്കകത്ത് നിന്നും പുറത്തു നിന്നുമായി എത്തുന്ന തൊടുപുഴ ജില്ലാ ആശുപത്രിയിലെ കാൻസർ ചികിത്സാ കേന്ദ്രം ജീവനക്കാരും മരുന്നുമില്ലാതെ ഞെരുങ്ങുകയാണ്.
സ്വകാര്യ ആശുപത്രിയോട് കിടപിടിക്കുന്ന സംവിധാനങ്ങളും രണ്ട് ഡോക്ടർമാരും കീമോതെറാപ്പിയടക്കമുള്ള സൗകര്യങ്ങളുമുണ്ടെങ്കിലും ആവശ്യത്തിന് മരുന്നോ പരിശീലനം നേടിയ നഴ്‌സുമാരും അനുബന്ധ ജീവനക്കാരും ഇവിടെയില്ല. പ്രാഥമികമായി വേണ്ട ഗ്ലൗസും ഗ്ലൂക്കോസും വരെ രോഗികൾ വാങ്ങിക്കൊണ്ടു വരണം. പരിശീലനം ഇല്ലാത്ത താത്കാലിക ജീവനക്കാരെ ഉപയോഗിച്ചാണ് ഇപ്പോൾ പ്രവർത്തനം. മൂന്ന് സ്റ്റാഫ് നഴ്‌സ് തസ്തികയുള്ള ഇവിടെ നിലവിലുള്ളത് രണ്ടു പേർ മാത്രമാണ്. അതിൽ ഒരാളെ മറ്റ് വിഭാഗത്തിലേക്ക് നിയോഗിച്ചിരിക്കുന്നതിനാൽ ഒരാൾ മാത്രമാണ് കീമോതെറാപ്പിക്കും മറ്റുമായി വരുന്ന രോഗികളെ പരിചരിക്കാനുള്ളത്. മരുന്ന് പരിശോധിക്കാനും കീമോ മരുന്ന് തയ്യാറാക്കാനും അത് രോഗികൾക്ക് നൽകാനുമായി പരിശീലനം സിദ്ധിച്ച മൂന്നു പേർ വേണമെന്നാണ് പ്രോട്ടോക്കോൾ. താത്കാലിക ജീവനക്കാർക്ക് ഇതിൽ പ്രാവീണ്യം ഇല്ലാത്തതിനാൽ അതിന്റെ അപകട സാദ്ധ്യതയുണ്ടാകുന്നത് രോഗികൾക്കാണ്. ഒഴിവ് നികത്തി പരിശീലനം സിദ്ധിച്ചവരെ നിയോഗിക്കണമെന്ന് രണ്ടു വർഷമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർ ചെവിക്കൊള്ളുന്നില്ല. സർക്കാർ മരുന്ന് ലഭിക്കാത്തതിനാൽ പുറമെ നിന്ന് വാങ്ങുന്ന മരുന്നിന് വൻചിലവാണ്. ആരോഗ്യ ഇൻഷ്വറൻസ് കാർഡ് ഉള്ളതിനാലാണ് പല രോഗികൾക്കും ചികിത്സ മുടങ്ങാത്തത്.
നിരവധിപ്പേരുടെ ആശ്രയം
15 പേർക്ക് കീമോതെറാപ്പി നടത്താനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. എന്നാൽ 22 പേർ വരെ ദിവസം കീമോയ്ക്കായി എത്താറുണ്ട്. നാല് മണി വരെയാണ് സമയമെങ്കിലും പലപ്പോഴും രോഗികളുടെ ബാഹുല്യം മൂലം ഏഴ് മണി വരെ പ്രവർത്തിപ്പിക്കേണ്ടി വരാറുണ്ട്. ഇതിന് പുറമെ 30 മുതൽ 50 വരെ രോഗികൾ ഒ.പി വിഭാഗത്തിൽ കീമോഇതര ചികിത്സയ്ക്കുമായി എത്താറുണ്ട്.