ചെറുതോണി:ഇടുക്കി മെഡിക്കൽ കോളേജിലെ രണ്ട് ആംബുലൻസുകളും ഉപയോഗത്തിലില്ലാത്തത് ആദിവാസികളുൾപ്പെടെയുള്ള രോഗികൾക്ക് തുടർ ചികിത്സയ്ക്ക് തടസമാകുന്നു . ഇടുക്കി മെഡിക്കൽകോളേജിൽ രണ്ട് ആംബുലൻസുകളാണു ണ്ടായിരുന്നത്. ഒന്ന് അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് വർക്ക് ഷോപ്പിലാണ്. അപകടം നടന്ന് ഒരുവർഷം കഴിഞ്ഞിട്ടും ഇതുവരെ നന്നാക്കാൻ നടപടിയുമെടുത്തിട്ടില്ല. രണ്ടാമത്തെ വാഹനം കാലപ്പഴക്കം മൂലം ഉപയോഗപ്രദമായിരുന്നില്ലെങ്കിലും സർക്കാർ ഉത്തരവോടെ അറ്റകുറ്റപ്പണിക്ക് വർക്ക്ഷോപ്പിൽ എത്തിച്ചു. എന്നാൽ വാഹനം കേട്പാട് തീർത്തിട്ട് മൂന്നാഴച്ച പിന്നിട്ടിട്ടും വർക്ക്ഷോപ്പിൽനിന്നും തിരികെ കൊണ്ടുവന്നില്ല. വാഹനത്തിന് ഫണ്ട് ലഭ്യമാണെങ്കിലും കൊണ്ടുവരാത്തത് അധികൃതരുടെ തികഞ്ഞ അനാസ്ഥയാണെന്ന് ആരോപണമുണ്ട്.മെഡിക്കൽ കോളേജിൽ ആംബുലൻസില്ലാതായതൊടെ മരിയാപുരം, വാത്തിക്കുടി പി എച്ച് സി യിൽ നിന്ന് താൽക്കാലികമായി ലഭിച്ച ജീപ്പുകളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഈ വാഹനം സമീപപ്രദേശങ്ങളിൽ നിന്നുള്ള കൊവിഡ് രോഗികളെ കൊണ്ടുവാരാൻ മാത്രമേ ഉപയോഗിക്കാൻ കഴിയുകയുള്ളു. ഗുരുതരമായെത്തുന്ന രോഗികളെ ഇപ്പോൾ ചികിത്സിക്കുന്നില്ല. കൊവിഡ് സെന്ററാക്കിയതിനാലാണ് മറ്റ് രോഗികളെയിവിടെ പ്രവേശിപ്പിക്കാത്തത് .അപകടത്തിൽപ്പെട്ടവരുൾപ്പെടെയുള്ളവരെ മറ്റാശുപത്രികളിലേക്ക് പറഞ്ഞയക്കുകയാണ്.

രണ്ട് മാസം മുമ്പ് ടൗണിലെ യുവ ഓട്ടോ ഡ്രൈവറെ മെഡിക്കൽകോളേജിൽ ചികിൽസയ്ക്ക് എത്തിച്ചിരുന്നു. ഇവിടെ ചികിത്സയില്ലാത്തിരുന്നതാൽ മറ്റൊരാശുപത്രിയിലേക്ക് കൊണ്ടുപോയത് സ്റ്റെപ്പിനി ടയർപോലുമില്ലാത്ത ജീപ്പിലായിരുന്നു. വഴിമദ്ധ്യേ യുവാവ് മരിച്ചത് വ്യാപക പ്രതിഷേധത്തിനിടയുക്കിയിരുന്നു. വിരലറ്റുപോയ ആളുടേതുൾപ്പടെ പലരെയും ആംബുലൻസിന്റെ അഭാവം നിമിത്തം ഏറെ ബുദ്ധിമുട്ടിയാണ് മറ്റാശുപത്രികളിലേയ്ക്ക് കൊണ്ട് പോയത്.

108 ആംബുലൻസ് ഒരെണ്ണമുണ്ടെങ്കിലും തിരുവനന്തപുരം കൺട്രോൺ റൂമിൽ നിന്നുമാണ് ഇതിന്റെ നിയന്ത്രണം അതിനാൽ പലപ്പോഴും ഇതിന്റെ പ്രയോജനം ഇടുക്കിയിൽ ലഭിക്കാറില്ല.ഇടുക്കിയിലെ ആദിവാസികളുൾപ്പെടെയുള്ള സാധാരണക്കാരായ പൊതുജനങ്ങൾക്കുവേണ്ടി ഇടുക്കി മെഡിക്കൽ കോളേജിൽ അടിയന്തിരമായി ഒരു ആംബുലൻസ് അനുവദിക്കുകയും പണി തീർത്ത വാഹനം തിരികെ കൊണ്ടുവരികയും ചെയ്യണമെന്ന ആവശ്യം ശക്തമാണ്.