
ഇടുക്കി: സി.പി.ഐ നേതാവിന്റെ ഉടമസ്ഥതയിലുള്ള വാഗമൺ വട്ടപ്പതലാലിലെ ക്ലിഫ് ഇൻ റിസോർട്ടിൽ സ്ത്രീകളടക്കം അറുപതോളം പേർ പങ്കെടുത്ത ലഹരി നിശാ പാർട്ടി സംഘടിപ്പിച്ചത് അറസ്റ്റിലായ മലപ്പുറം സ്വദേശി നബീലും കോഴിക്കോട് ഫറൂഖ് സ്വദേശി സൽമാനും. ഇതിൽ സൽമാന്റെ കൈയിൽ നിന്ന് 1,60,000 രൂപ പൊലീസ് കണ്ടെടുത്തിരുന്നു.
പാർട്ടിയ്ക്ക് ആവശ്യമായ ലഹരിയിൽ ഭൂരിഭാഗവും എത്തിച്ചത് തൊടുപുഴ മങ്ങാട്ടുകവല സ്വദേശി അജ്മൽ സഹീറാണെന്ന് പൊലീസ് കണ്ടെത്തി. പിടിച്ചെടുത്തതിൽ 27 എൽ.എസ്.ഡി സ്റ്റാമ്പുകളുണ്ടായിരുന്നു. ഇത്ര വലിയൊരളവ് ലഹരിവസ്തുക്കൾ നൽകിയത് ആരാണെന്നാണ് അന്വേഷിക്കുന്നത്. റിമാൻഡിലുള്ള പ്രതികളെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും.
നിശാലഹരി പാർട്ടി നടക്കുന്നെന്ന രഹസ്യവിവരത്തെ തുടർന്ന് ഇടുക്കി അഡീഷണൽ എസ്.പി എസ്. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ ഞായറാഴ്ച രാത്രി നടത്തിയ റെയ്ഡിലാണ് എൽ.എസ്.ഡി സ്റ്റാമ്പ്, ഹാഷിഷ്, ലഹരി ഗുളിക, ലഹരി മരുന്ന്, കഞ്ചാവ് ഉൾപ്പടെയുള്ള ലഹരി വസ്തുക്കളുടെ വൻ ശേഖരം പിടിച്ചെടുത്തത്. ഒരു സ്ത്രീയടക്കം ഒമ്പത് പേരാണ് അറസ്റ്റിലായത്. സ്ത്രീയുടെ പക്കൽ നിന്ന് കഞ്ചാവ് കണ്ടെത്തിയിരുന്നു. 24 സ്ത്രീകളടക്കം 61 പേരാണ് നിശാപാർട്ടിക്ക് ഇവിടെയെത്തിയത്. മറ്റുള്ളവരെ വിവരങ്ങൾ ശേഖരിച്ച ശേഷം വിട്ടയച്ചു. .