
രാജാക്കാട്: ജീപ്പ് അൻപതടി താഴ്ച്ചയിലേയ്ക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിൽസയിലായിരുന്ന പതിനാറുകാരൻ മരിച്ചു. വട്ടവട
കോവിലൂർ ഗുരുനാഥൻ-ജ്യോതി ദമ്പതികളുടെ മകൻ കാർത്തിക്കാണ് മരിച്ചത്. യൂക്കാലിതോട്ടത്തിൽ ജോലിക്കെത്തുന്ന തൊഴിലാളികളെ ജീപ്പിൽ സ്ഥിരമായി സമീപപ്രദേശങ്ങളിൽ എത്തിക്കുന്നത് കാർത്തിക്കായിരുന്നു.
കഴിഞ്ഞ ദിവസം കോവിലൂരിൽ തൊഴിലാളികളെ ഇറക്കിവിട്ടശേഷം വട്ടവടയിലേക്കുള്ള വഴിമദ്ധ്യേ ഈർക്കാടിയിൽ വെച്ച് ലോറിക്ക് സൈഡ് കൊടുക്കവെ ജീപ്പ് അമ്പതടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ കാർത്തിക്കിനെ മൂന്നാർ ജനറൽ ആശുപത്രിയിലും തുടർന്ന് വിദഗ്ദ്ധ ചികിൽസയ്ക്കായി തേനി മെഡിക്കൽ
കോളജിലെത്തിച്ചെങ്കിലും ഇന്നലെ പുലർച്ച മരിച്ചു. സംഭവത്തിൽ ദേവികുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രിയദർശിനി സഹോദരിയാണ്.