night

ഇടുക്കി: വാഗമൺ വട്ടപ്പതലാലിലെ ക്ലിഫ് ഇൻ റിസോർട്ടിൽ നടന്ന നിശാ പാർട്ടിയിൽ ലഹരിയിലെത്തിച്ചത് ബാംഗ്ലൂരിലും, മണാലിയിലും നിന്നെന്ന് വിവരം. തൊടുപുഴ സ്വദേശി അജ്മലാണ് ലഹരി എത്തിച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. അജ്മൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മണാലിയിൽ പോയിരുന്നു. ഇവിടെ നിന്നാണ് ചരസ് എത്തിച്ചതെന്നാണ് കരുതുന്നത്.

മണാലിയിൽ നിന്ന് ബാംഗ്ലൂരെത്തിയ അജ്മൽ എൽ.എസ്.ഡി സ്റ്റാമ്പും എം.ഡി.എം.എയും കൊണ്ടുവന്നു. ലഹരി വസ്തുക്കൾ എറണാകുളത്തെ ഫ്ലാറ്റിൽ സൂക്ഷിച്ച ശേഷം പാർട്ടി ദിവസം വാഗമണ്ണിൽ എത്തിക്കുകയായിരുന്നു. ആഭ്യന്തര വിപണിയിൽ ഒരു ഗ്രാമിന് 7500 രൂപയോളം വിലയുള്ള എം.ഡി.എം.എ 60 ഗ്രാമാണ് വാഗമണ്ണിൽ നിന്ന് പിടിച്ചെടുത്തത്. തൊടുപുഴയിൽ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന അജ്മൽ നേരത്തെ മുതൽ എക്സൈസിന്റെ നോട്ടപ്പുള്ളിയായിരുന്നു. ആഡംബര വാഹനങ്ങളിൽ നടക്കുന്ന ഇടുക്കിയിലെ പ്രധാന ലഹരി ഇടപാടുകാരിലൊരാളാണെന്നാണ് നിഗമനം. അജ്മലിന്റെ കണ്ണികളെക്കുറിച്ച് എക്സൈസ് ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായ സൽമാൻ, നബീൽ എന്നിവരാണ് ലഹരിപാർട്ടികൾ സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയിരുന്നതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

അതേസമയം സംഘം ഇതിനും മുമ്പും മൂന്നാറിലും കൊച്ചിയിലും വയനാടും ലഹരി പാ‌ർട്ടി നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. പാർട്ടി നടത്തിയത് വാഗമണ്ണിലെ അതേ സംഘം തന്നെയാണെന്നാണ് റിപ്പോർട്ട്. പാർട്ടിയുടെ ചെലവും ഇവരുടെ വകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പിടിയിലായവരുടെ മയക്കുമരുന്ന് ഉപയോഗത്തിന്റെ അളവ് അറിയാൻ മൂത്രം, രക്തസാമ്പിളുകൾ പരിശോധിക്കും. ഇവരുടെ മൊബൈൽ ഫോണും പിടിച്ചെടുത്ത മറ്റ് രേഖകളും പരിശോധിച്ചു വരുകയാണ്..

അറസ്റ്റിലായവരിൽ

ഒരാൾ മോഡൽ

അറസ്റ്റിലായവരിൽ ഒമ്പത് പേരിലെ ഏക യുവതി ബ്രിസ്റ്റി ബിശ്വാസ് പരസ്യ ചിത്രങ്ങളിലും ചില ഷോർട്ട് ഫിലിമുകളിലും അഭിനയിക്കുന്ന മോഡൽ. തൃപ്പൂണിത്തുറ സ്വദേശിനിയായ ഇവരുടെ മാതാപിതാക്കൾ ബംഗാൾ സ്വദേശികളാണ്. ജനിച്ചതും വളർന്നതും കൊച്ചിയിലാണ്. സിനിമ, മോഡലിംഗ് രംഗത്തെ പലരുമായും ഇവർക്ക് ബന്ധമുണ്ടായിരുന്നതായും വിവരമുണ്ട്. വാഗമണിലെ പാർട്ടിയിൽ സിനിമാമേഖലയിലെ ചിലർ പങ്കെടുക്കുമെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നെങ്കിലും ഇവരാരും എത്തിച്ചേർന്നിരുന്നില്ല.