
തൊടുപുഴ: 'കനാലിലൂടെ എത്രയും വേഗം വെള്ളം തുറന്ന് വിട്ടില്ലെങ്കിൽ എന്റെ 80 സെന്റിലെയടക്കം അമ്പതോളം ഹെക്ടർ സ്ഥലത്തെ നെൽക്കൃഷി കരിഞ്ഞുണങ്ങും.' കുമാരമംഗലം സ്വദേശി ബാലചന്ദ്രൻ പറയുന്നു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ നെൽക്കൃഷി ആരംഭിച്ച ഇരുന്നൂറോളം കർഷകർ ഇപ്പോൾ ജലസേചനത്തിന് വെള്ളം ലഭിക്കാതെ കടുത്ത പ്രതിസന്ധിയിലാണ്.സുഭിക്ഷ കേരളം പദ്ധതി പ്രകാരം നെൽകൃഷി വ്യാപിക്കാനായി പഞ്ചായത്തും കൃഷിവകുപ്പും മുൻകൈയെടുത്താണ് ഇവരെക്കൊണ്ട് നെൽക്കൃഷി ചെയ്യിപ്പിച്ചത്. കനാലിലൂടെ ജലസേചനത്തിന് ആവശ്യമായ വെള്ളം ലഭിക്കുമെന്ന അധികൃതരുടെ ഉറപ്പിലാണ് കർഷകർ കൃഷിയിറക്കിയത്. എന്നാൽ വെള്ളം ലഭിക്കാത്തതിനെ തുടർന്ന് മുള പൊട്ടിത്തുടങ്ങിയ കതിരുകൾ വാടി തുടങ്ങി. 120 ദിവസം കൊണ്ട് പൂർണ വളർച്ചയെത്തുന്നയിനം നെല്ലാണ് കർഷകർ കൃഷി ചെയ്തിരിക്കുന്നത്. ഇപ്പോൾ 65 ദിവസം മാത്രമാണ് നെല്ലിന് വളർച്ചയെത്തിയിട്ടുള്ളത്. ഇനിയും ജലസേചനത്തിന് താമസിച്ചാൽ കൃഷി നശിക്കും. നിലവിൽ കനാൽ അടച്ച് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തിയിരിക്കുകയാണ്. കനാൽ കടന്ന് പോകുന്ന മറ്റ് പഞ്ചായത്തുകളിലും നെൽകർഷകരുടെ അവസ്ഥ ഇത് തന്നെയാണ്. അതിനാൽ എത്രയും കനാൽ വഴി വെള്ളം തുറന്ന് വിട്ടില്ലെങ്കിൽ നെൽകൃഷി നശിച്ച് കർഷകർ കടക്കെണിയിലാകും.
വെള്ളമില്ലെന്ന് എം.വി.ഐ.പി
നിലവിൽ കനാലിലൂടെ ഒഴുക്കാനുള്ള വെള്ളം മലങ്കര ജലാശയത്തിലില്ലെന്ന് എം.വി.ഐ.പി അധികൃതർ പറഞ്ഞു.ഇനി ജനുവരി അവസാനത്തോടെ മാത്രമാണ് വെള്ളം തുറന്നു വിടാനാകൂ. മഴയില്ലാത്തതിനാൽ സ്വാഭാവിക നീരൊഴുക്കില്ലാത്തതിനാലും മൂലമറ്റം പവർ ഹൗസിൽ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവു കുറച്ചതു മൂലവും നിലവിൽ ജലാശയത്തിൽ 39 മീറ്റർ ഉയരത്തിലാണ് ജല നിരപ്പ്. ഈ അളവിൽ വെള്ളം പുറത്തേക്കൊഴുക്കാൻ നിലവിൽ സാധ്യമല്ല.