മുട്ടം: കുടയത്തൂർ, അറക്കുളം പഞ്ചായത്ത് പ്രദേശങ്ങളിലെ വിവിധ സ്ഥലങ്ങളിൽ മോഷണം നടന്ന് ഒരു മാസം ആകാറായിട്ടും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിയുന്നില്ലെന്ന് ആക്ഷേപം. എടാട് ശ്രീഭദ്ര- അയ്യപ്പക്ഷേത്രം, സമീപത്തെ കച്ചവട സ്ഥാപനം എന്നിവിടങ്ങളിൽ കഴിഞ്ഞ 4 നാണ് മോഷണം നടന്നത്. അമ്പലത്തിന്റെ പൂട്ടും അലമാരയും കുത്തി പൊളിച്ച് അവിടെ നിന്ന് താക്കോൽ എടുത്ത് ശ്രീകോവിൽ തുറക്കുകയും ഒരു മാലയും താലിയും 5000 രൂപയും കൂടാതെ സമീപത്തെ കച്ചവട സ്ഥാപനത്തിൽ 1000 രൂപയും ബീഡിയും സിഗരറ്റും അന്ന് മോഷണം പോയിരുന്നു. എന്നാൽ സമീപത്തെ സാംസ്‌കാരിക നിലയം കുത്തി പൊളിച്ചെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. പ്രതിയെക്കുറിച്ച് സൂചന സിസിടിവി ദൃശ്യങ്ങളിൽ നിന്നു ലഭിച്ചെങ്കിലും മോഷ്ടാവിനെ പിടികൂടാൻ പൊലീസ് നടപടി ശക്തമാക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പ്രതിയെ പിടികൂടാൻ ലോക്കൽ പൊലീസിന് ആകുന്നില്ലെങ്കിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മുൻവർഷങ്ങളിലും ഇവിടെ സമാനമായ രീതിയിൽ മോഷണം നടന്നിരുന്നെങ്കിലും അന്വോഷണം എങ്ങുമെത്തിയില്ല.