മുട്ടം: പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ അനധികൃത പാറമടകൾ സജീവമാകുന്നതായി പരാതി. ഇത് സംബന്ധിച്ച് നാട്ടുകാർ അധികൃതർക്ക് നിരവധി പരാതികൾ നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു. ഉരുളൻ കല്ലുകൾ പൊട്ടിക്കുന്നതിന് വേണ്ടി അനുമതി വാങ്ങിയ ശേഷം വൻപാറക്കെട്ടുകളാണ് പൊട്ടിച്ച് നീക്കുന്നത്. പൊട്ടിക്കുന്ന ഉരുളൻ കല്ലുകൾ വിൽപന നടത്താനോ സ്ഥലത്ത് നിന്ന് മാറ്റാനോ പാടില്ല എന്നതാണ് നിയമം. എന്നാൽ ഒരു ലോഡിന് 4,​000 രൂപ നൽകിയാണ് കടത്തിക്കൊണ്ട് പോകുന്നത്. ഉഗ്രശേഷിയുള്ള തോട്ട ഉപയോഗിച്ചാണ് പാറ പൊട്ടിക്കുന്നത്. തുടർന്ന് പാറ പൊട്ടിക്കുന്ന പ്രദേശത്തെ റോഡുകൾ അപകടകരമായ രീതിയിൽ ഇടിഞ്ഞ് താഴുകയാണ്. ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ, സർവീസിലുള്ളതും റിട്ടയറായവരുമായ ചില പൊലീസുകാർ എന്നിവർക്കും ഇതിൽ പങ്കുള്ളതായി പറയപ്പെടുന്നു.