വാഗമണ്ണിൽ അറസ്റ്റിലായ അജ്മൽ ഇടുക്കിയിലെ പ്രധാന ലഹരി ഇടപാടുകാരൻ
തൊടുപുഴ: വാഗമൺ വട്ടപ്പതാലിലെ ക്ലിഫ് ഇൻ റിസോർട്ടിൽ സ്ത്രീകളടക്കം അറുപതോളം പേർ പങ്കെടുത്ത നിശാ പാർട്ടിയിൽ ലഹരി എത്തിച്ച തൊടുപുഴ സ്വദേശി അജ്മൽ ചെറിയ പുള്ളിയല്ലെന്ന് എക്സൈസ്. ഇടുക്കിയിലെ ലഹരി ഇടപാടുകളിൽ ഭൂരിഭാഗവും നിയന്ത്രിക്കുന്ന അജ്മലിനെക്കുറിച്ച് എക്‌സൈസ് ഇന്റലിജൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു. റിസോർട്ടിലേക്ക് ആവശ്യമായ ലഹരിയിൽ ഭൂരിഭാഗവും എത്തിച്ചത് തൊടുപുഴ മങ്ങാട്ടുകവല സ്വദേശി അജ്മൽ സഹീറാണെന്ന് പൊലീസ് കണ്ടെത്തിയ സാഹചര്യത്തിൽ ഇയാളുടെ ഇടപാടുകളെക്കുറിച്ചാണ് അന്വേഷിക്കുന്നത്. എം.ഡി.എം.എ പോലുള്ള മാരക ലഹരി വസ്തുക്കൾ ആദ്യമായി തൊടുപുഴയിലെത്തിക്കുന്നത് അജ്മലാണെന്ന് എക്സൈസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഏറെ നാളായി ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. തൊടുപുഴയിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന ഇയാൾ എപ്പോഴും ആഡംബര വാഹനങ്ങളിലാണ് കറക്കം. ബാംഗ്ലൂരിൽ നിന്ന് ലഹരി എറണാകുളത്തുള്ള ഫ്ലാറ്റിലെത്തിച്ച ശേഷം ഇവിടെ നിന്ന് ആവശ്യക്കാർക്ക് എത്തിക്കുകയാണെന്നാണ് വിവരം. മൂന്ന് മാസങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ 50 കിലോ കഞ്ചാവുമായി പിടിയിലായ പ്രതിയിൽ നിന്നാണ് എക്സൈസ് അജ്മലിന്റെ പേര് ആദ്യം കേൾക്കുന്നത്. അജ്മൽ അറസ്റ്റിലായ വിവരം അറിഞ്ഞതോടെ ഇയാളുടെ ചില്ലറ വിൽപ്പനക്കാരായ യുവാക്കൾ ഒളിവിൽ പോയെന്നും എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.
ലക്ഷങ്ങളുടെ ലഹരി
ഒരു മാസം മുമ്പ് തൊടുപുഴയിൽ 220 മില്ലിഗ്രാം എം.ഡി.എം.എയുമായി ഒരു കോളേജ് വിദ്യാർത്ഥി എക്സൈസിന്റെ പിടിയിലായിരുന്നു. വിദ്യാർത്ഥി ഇത്രയും ലഹരിവസ്തു 1500 രൂപയ്ക്കാണ് വാങ്ങിയത്. ഇത്തരത്തിൽ 60 ഗ്രാം എം.ഡി.എം.എയാണ് വാഗമണ്ണിൽ നിന്ന് പിടികൂടിയത്. നാല് ലക്ഷത്തിലേറെ ആഭ്യന്തര വിപണയിൽ മൂല്യമുണ്ട് ഇതിന്.
എം.ഡി.എം.എ എന്ത്
അന്താരാഷ്ട്ര വിപണിയിൽ ഏറെ ആവശ്യക്കാരുള്ള ഉയർന്ന ലഹരി വസ്തുവാണ് 'മാക്‌സ് ജെല്ലി എക്സ്റ്റസി' എന്നറിയപ്പെടുന്ന എം.ഡി.എം.എ. കൽക്കണ്ടം പോലെ ക്രിസ്റ്റൽ രൂപമാണിതിന്. 100 മില്ലിഗ്രാം വെള്ളത്തിൽ കലക്കി കുടിച്ചാൽ 24 മണിക്കൂർ നേരം ലഹരി നിൽക്കും. ഇത് വെറും 10 ഗ്രാം പോലും കൈവശം വെയ്ക്കുന്നത് 20 വർഷം വരെ കഠിന തടവ് കിട്ടാവുന്ന കുറ്റമാണ്.
പുതുവത്സരാഘോഷം നിരീക്ഷണത്തിൽ
വാഗമണ്ണിൽ ലഹരി നിശാപാർട്ടി നടത്തിയ സാഹചര്യത്തിൽ ജില്ലയിൽ നടക്കാനിരിക്കുന്ന പുതുവത്സര ആഘോഷങ്ങളും പൊലീസിന്റെയും എക്സൈസിന്റെയും നിരീക്ഷണത്താലിയിരിക്കും. ഇത്തരം പാർട്ടികളിൽ വ്യാപകമായി ലഹരിമരുന്നുകൾ എത്താൻ സാദ്ധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണിത്. കൊവിഡ് മാനദണ്ഡങ്ങളിൽ ഇളവു വന്ന സാഹചര്യത്തിൽ മൂന്നാർ, വാഗമൺ എന്നിവിടങ്ങളിൽ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ നടക്കുന്നുണ്ട്.