ഇടുക്കി: ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി വിനോദ സഞ്ചാരികൾക്ക് ഇന്നുമുതൽ ഇടുക്കി ഡാം സന്ദർശിക്കാം. കൊവിഡ് പശ്ചാത്തലത്തിൽ ഇടുക്കി, ചെറുതോണി ഡാമുകളിലേക്കുള്ള സന്ദർശനം നിരോധിച്ചിരുന്നു. ഏതാനും നാളുകളായി ശനി, ഞായർ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും അണക്കെട്ടുകൾ സന്ദർശകർക്കായി തുറന്നുകൊടുത്തിരുന്നു. ഇനി ഇന്ന് മുതൽ ജനുവരി 16 വരെ എല്ലാദിവസവും ഡാം സന്ദർശിക്കാം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും സന്ദർശകരെ ഡാമിലേക്ക് കടത്തിവിടുക. 10 വയസിൽ താഴെയുള്ളവർക്കും 65 വയസിന് മുകളിലുള്ളവർക്കും സന്ദർശനാനുമതിയുണ്ടാവില്ല. ഇടുക്കി സംഭരണിയിൽ പുതുതായി ആരംഭിച്ചിരിക്കുന്ന ചങ്ങാടയാത്രയും അഡ്വഞ്ചർ ടൂറിസം ഉൾപ്പെടുത്തി വിപുലീകരിച്ചിരിക്കുന്ന ഹിൽവ്യൂ പാർക്കുമെല്ലാം സന്ദർശകരെ കൂടുതലായി ആകർഷിച്ച് വരികയാണ്.