 ഇടുക്കിയിലെ ഹോട്ടലുകളും റിസോർട്ടുകളുമെല്ലാം ബുക്ക്ഡ്

തൊടുപുഴ: കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷമെത്തിയ ക്രിസ്മസും പുതുവത്സരവും അടിച്ചുപൊളിക്കാൻ ജനം തീരുമാനിച്ചതോടെ ഇടുക്കിയില റിസോർട്ടുകളും ഹോട്ടലുകളുമെല്ലാം നിറഞ്ഞു. ക്രിസ്മസ് ദിനത്തിനു പിന്നാലെ രണ്ട് അവധി ദിനങ്ങൾ ഒരുമിച്ച് വരുന്നതിനാൽ സംസ്ഥാനത്തിന് പുറത്ത് നിന്നടക്കം നിരവധി സഞ്ചാരികളാണ് ഇടുക്കിയിൽ അവധിക്കാലം ആഘോഷിക്കാൻ മുൻകൂർ ബുക്കിംഗ് നടത്തിയിരിക്കുന്നത്. മൂന്നാർ, വാഗമൺ, തേക്കടി എന്നിവിടങ്ങളിൽ വിരലിലെണ്ണാവുന്ന ഹോട്ടലുകളും റിസോർട്ടുകളും മാത്രമാണ് ഒഴിവുള്ളത്. ഡിസംബർ എത്തിയതോടെ ഇവിടത്തെ അതിശൈത്യ കാലാവസ്ഥയാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. ഇതോടെ അവസാന നിമിഷം മുറി തേടി എത്തുന്നവർക്ക് മനസിനിണങ്ങിയത് കിട്ടാനില്ലാത്ത അവസ്ഥയാണ്. ഏറെ നാളത്തെ അടച്ചിരിപ്പിനു ശേഷം വരുന്ന ആഘോഷമായതിനാൽ സഞ്ചാരികളുടെ എണ്ണത്തിലും വലിയ വർദ്ധനവുണ്ട്. ഇതോടെ അടിമാലി- മൂന്നാർ റോ‌ഡ്, കുമളി- തേക്കടി റോഡ്, കോട്ടയം- വാഗമൺ റോ‌ഡ് എന്നിവിടങ്ങളിൽ വലിയ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്.

നിരക്ക് കുത്തനെ ഉയ‌ർന്നു

ഡിമാൻഡ് വർദ്ധിച്ചതോടെ റിസോർട്ടുകളിലും ഹോട്ടലുകളിലും നിരക്കിലും കാര്യമായ മാറ്റം വന്നിട്ടുണ്ട്. രണ്ടാഴ്ച മുമ്പുണ്ടായിരുന്ന നിരക്കിൽ നിന്ന് മൂവായിരം മുതൽ അയ്യായിരം രൂപയുടെ വരെ വർദ്ധനവാണ് പല റിസോർട്ടുകാരും വരുത്തിയിരിക്കുന്നത്. 5000 രൂപ നിരക്ക് പറഞ്ഞ അതേ റിസോർട്ടിൽ ഇപ്പോൾ റൂം നിരക്ക് 7000ത്തിന് മുകളിലാണ്. ഒരു പകലും രാത്രിയും ചിലവഴിക്കുന്നതിന് രണ്ടായിരം മൂതൽ മുപ്പതിനായിരം രൂപ വരെ ഈടാക്കുന്ന റിസോർട്ടുകൾ ജില്ലയിലുണ്ട്. ഒരു രാത്രിയും പിറ്റേ ദിവസത്തെ പ്രഭാത ഭക്ഷണവും ഉൾപ്പെടുന്ന പാക്കേജിന് ചുരുങ്ങിയത് 10,000 രൂപ നൽകണം. സ്വിമ്മിംഗ് പൂൾ സൗകര്യം ഉൾപ്പെടുമ്പോൾ ചാർജ് 13000 കടക്കും. നല്ല വ്യൂ ലഭിക്കുന്ന മുറി, സൈക്ലിംഗ്, പൂൾ, യോഗ എന്നിവ ചേരുമ്പോൾ നിരക്ക് 30,000 എത്തും. ആയുർവേദ മസാജുകൾ വേണമെങ്കിൽ അധിക പണം നൽകണം.

ലാഭം ഓൺലൈൻ ബുക്കിംഗ്

ട്രാവൽ ഏജൻസികളിൽ നിന്നും ഡി.ടി.പി.സി വഴിയും ബുക്കിംഗ് നടക്കുന്നുണ്ട്. ഹോട്ടലുകളിൽ നേരിട്ടെത്തിയോ വിളിച്ചോ ബുക്ക് ചെയ്യുന്നതിലും ലാഭം വിവിധ ഓൺലൈൻ സൈറ്റുകളെ ആശ്രയിക്കുന്നതാണെന്ന് സ്ഥിരമായി യാത്ര ചെയ്യുന്നവർ സാക്ഷ്യപ്പെടുത്തുന്നു. ഓഫറുകൾ നൽകുന്നതിനാൽ കുറഞ്ഞ നിരക്കിൽ മുറികൾ ബുക്ക് ചെയ്യാം. യാത്ര ഒഴിവാക്കേണ്ടി വന്നാൽ പണം നഷ്ടപ്പെടാതെ തന്നെ മുറി ക്യാൻസൽ ചെയ്യാനും സാധിക്കും.