 ബ്ലോക്ക് പ്രസിഡന്റിനെതിരെ തൊടുപുഴയിൽ പ്രകടനം

 ഡി.സി.സിക്കെതിരെ ബ്ലോക്ക് കമ്മിറ്റി

തൊടുപുഴ: ജില്ലയിലെ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് വഴക്ക് വീണ്ടും തെരുവിലേക്ക്. തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റിനെതിരെ ഒരു വിഭാഗം തൊടുപുഴയിൽ പ്രകടനം നടത്തിയതിന് പിന്നാലെ ഡി.സി.സിക്കെതിരെ വാർത്താസമ്മേളനം നടത്തി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ രംഗത്തെത്തി. തിരഞ്ഞെടുപ്പിലെ പരാജയത്തിന് ഉത്തരവാദി സ്ഥാനാർത്ഥി നിർണയം നടത്തിയ ജില്ലാ കോൺഗ്രസ് പ്രസി‌ഡന്റ് ഇബ്രാഹിംകുട്ടി കല്ലാറടക്കമുള്ള ഡി.സി.സി നേതൃത്വമാണെന്ന് അവർ ആരോപിച്ചു. നഗരസഭയിൽ സീറ്റ് വിതരണം നടത്തിയ ഡി.സി.സിയുടെ വീഴ്ചകൾക്ക് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയെങ്ങനെയാണ് കുറ്റവാളിയാകുന്നത്. 12-ാം വാർഡ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന ബ്ലോക്ക് തല ഉപസമിതി തീരുമാനം നടപ്പിലാക്കാൻ ഉത്തരവാദിത്തമുള്ള ഡി.സി.സി ആ തീരുമാനത്തെ തള്ളിപ്പറഞ്ഞു. വിമത സ്ഥാനാർത്ഥികളോട് സംസാരിക്കാൻ പോലും ഡി.സി.സി തയ്യാറായില്ല. അവരുടെ വാർഡുകളിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി കുടുംബ യോഗങ്ങളോ കൺവെൻഷനോ നടത്താൻ ഡി.സി.സി നേതാക്കൾ ഇറങ്ങിയിട്ടില്ല. വിമത സ്ഥാനാർത്ഥിയെ നിറുത്തി മുനിസിപ്പൽ ഭരണം ഇല്ലാതാക്കാൻ നടന്ന ഡി.സി.സി സെക്രട്ടറിക്ക് നഗരസഭാ തിരഞ്ഞെടുപ്പിന്റെ ചുമതല നൽകി. തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലും കീഴിലുള്ള പഞ്ചായത്തുകളിലും മികച്ച വിജയം നേടിയിട്ടും ബ്ലോക്ക് പ്രസിഡന്റിനെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് അവർ ചോദിക്കുന്നു. ഗ്രൂപ്പിന്റെ പേരിൽ ചിലർ തൊടുപുഴയിൽ നടത്തുന്ന നീക്കങ്ങൾ കോൺഗ്രസിനെ ഇല്ലായ്മ ചെയ്യും. അതിനാൽ ഇത്തരക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിഷ സോമൻ, തൊടുപുഴ മുനിസിപ്പൽ മണ്ഡലം പ്രസിഡന്റ് ജോൺസൺ വെള്ളാപ്പുഴ, ഇടവെട്ടി മണ്ഡലം പ്രസിഡന്റ് പി.ജെ. തോമസ്, തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ കെ.കെ. തോമസ്, ജിജി വർഗീസ് എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ബ്ലോക്ക് പ്രസിഡന്റിനെതിരെ പ്രകടനം

തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദിനെ പുറത്താക്കണമെന്നും ഇദ്ദേഹത്തിന്റെ ചെയ്തികൾക്ക് കൂട്ടുനിൽക്കുന്ന കെ.പി.സി.സി ജനറൽ സെക്രട്ടറിയുടെ നടപടികൾ തിരുത്തണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം പാർട്ടി പ്രവർത്തകർ ഇന്നലെ തൊടുപുഴയിൽ പ്രകടനം നടത്തി. രാവിലെ മങ്ങാട്ടുകവല മുതൽ ഗാന്ധിസ്ക്വയർ വരെ നടത്തിയ പ്രകടനം ഉദ്ഘാടനം ചെയ്തത് തൊടുപുഴ നഗരസഭ മുൻ ചെയർപേഴ്സൺ സിസിലി ജോസായിരുന്നു. ജാഫർഖാൻ മുഹമ്മദ് പാർട്ടിയുടെ പേരിൽ നടത്തുന്ന പ്രവർത്തനങ്ങൾ പാർട്ടിയുടെ സൽപ്പേര് നശിപ്പിച്ചതായി സിസിലി ജോസ് പറഞ്ഞു. ജാഫർ ഔദ്യോഗിക സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ നഗരസഭയിലെ ചില വാർഡുകളിൽ റിബലുകളെ നിറുത്തി. പാർട്ടിയുടെ കുത്തക വാർഡുകളിൽ കെ.പി.സി.സിയുടെ നിബന്ധനകൾക്ക് വിരുദ്ധമായി സീറ്റ് കച്ചവടം നടത്തി. ഇക്കാര്യം കെ.പി.സി.സിയും ഡി.സി.സിയും സമഗ്രമായി അന്വേഷിച്ച് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ജാഫറിനെ മാറ്റണമെന്നും അവർ പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ തൊടുപുഴയിൽ ഒരു വിഭാഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദിന്റെയും കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ് കെ. പൗലോസിന്റെയും കോലം കത്തിച്ചിരുന്നു.