തൊടുപുഴ: ഈ ഷോപ്പിംഗ് കോംപ്ളക്സിൽ നിന്ന് ഏത് നിമിഷവും കോൺക്രീറ്റ് പാളികൾ അടർന്നുവീഴാം. അടിയ്ക്കടി അങ്ങനെ സംഭവിക്കാറുമുണ്ട്. അറക്കുളം പഞ്ചായത്ത് പ്രൈവറ്റ് ബസ് സ്റ്റാൻഡിനോടനുബന്ധിച്ചുള്ള ഷോപ്പിംഗ് കോംപ്ലക്സിനാണ് ഈ അവസ്ഥ. ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളും ജില്ലാ മണ്ണു സംരക്ഷണ ആഫീസ്, സ്‌കൂൾ ഒഫ് ഫാഷൻ ഡിസൈനിംഗ്, പട്ടികവർഗ മെഡിക്കൽ യൂണിറ്റ് തുടങ്ങിയ സ്ഥാപനങ്ങളും ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. മൂന്നാം നിലയിലുള്ള ഗവ. സ്‌കൂൾ ഒഫ് ഫാഷൻ ഡിസൈനിംഗിലെ വിദ്യാർത്ഥികളും ജീവനക്കാരും പട്ടികവർഗ ട്രൈബൽ മെഡിക്കൽ യൂണിറ്റ് ജീവനക്കാരും ഇവിടെയെത്തുന്ന ജനങ്ങളുമാണ് ഏറെ ഭയപ്പെടുന്നത്. കെട്ടിടത്തിൽ നിന്ന് കോൺക്രീറ്റ് പാളികൾ ഏറെ അടർന്നുവീഴുന്നത് മൂന്നാം നിലയിൽ നിന്നാണ്. ഇവ റോഡിലേയ്ക്കും അടർന്നു വീഴുന്നുണ്ട്. ഇതുമൂലം താഴെ ബസ് സ്റ്റാൻഡിലെത്തുന്നവരും റോഡിലൂടെ പോകുന്നവരും പലപ്പോഴും അപകടങ്ങളിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. കെട്ടിടത്തിന്റെ സുരക്ഷാപ്രശ്നം സംബന്ധിച്ച് കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിക്ക് പ്രദേശവാസികൾ പരാതി നൽകിയപ്പോൾ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, എൽ.എസ്.ജി.ഡി.എ.ഇ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കെട്ടിടത്തിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ പരിശോധന സംബന്ധിച്ചുള്ള റിപ്പോർട്ട് വ്യക്തമാക്കാൻ അധികൃതർ തയ്യാറായില്ലെന്നും പറയപ്പെടുന്നു. സംസ്ഥാന ഗ്രാമ വികസന ബോർഡിന്റെ ഫണ്ട് ഉപയോഗിച്ച് വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച കെട്ടിടത്തിന്റെ അപകടാവസ്ഥയ്ക്ക് അടിയന്തരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
ലക്ഷങ്ങൾ എവിടെ പോകുന്നു
കൃത്യമായി അറ്റകുറ്റപ്പണികൾ നടത്താത്തതാണ് അപകടാവസ്ഥയ്ക്ക് കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. എന്നാൽ കെട്ടിടത്തിലെ തകരാറുകൾ പരിഹരിക്കുന്നതിനായി അറക്കുളം പഞ്ചായത്ത് എല്ലാവർഷവും നല്ലൊരു തുക ചിലവഴിക്കുന്നുണ്ട്. അറ്റകുറ്റപ്പണികളുടെ പേരിൽ ഫണ്ട് തട്ടിയെടുക്കുന്നത് സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ മന്ത്രി, കളക്ടർ എന്നിവർക്ക് പരാതി അയച്ചെങ്കിലും ഒരു അന്വേഷണവും നടത്തിയില്ല.