ചെറുതോണി: ഇടുക്കി ,ചെറുതോണി ഡാമുകൾ സന്ദർശകർക്കായി തുറന്നുകൊടുത്തതോടെ സന്ദർശകരുടെ തിരക്കേറി. ജനുവരി 16 വരെയാണ് തുടർച്ചയായി സന്ദർശനം അനുവദിച്ചിരിക്കുന്നത്. ഡാമിൽ പ്രവേശനം ആരംഭിച്ചതോടെ നൂറുകണക്കിനാളുകളാണ് ഇവിടേക്ക് എത്തുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ആറു മാസക്കാലമായി സന്ദർശനം അനുവദിച്ചിരുന്നില്ല. ഒരുമാസമായി ശനി, ഞായർ ദിവസങ്ങളിലും പൊതുഅവധി ദിവസങ്ങളിലും സന്ദർശനമനുവദിച്ചിരുന്നു .ഇതിലൂടെ ഏഴു ലക്ഷത്തോളം രൂപയുടെ വരുമാനം വൈദ്യുതി വകുപ്പിന് ലഭിച്ചു. എന്നാൽ ഇപ്പോൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജനുവരി 16 വരെ സന്ദർശനം അനുവദിച്ചിട്ടുണ്ട്. അണക്കെട്ട് കാണുന്നതിനൊപ്പം ഹിൽവ്യൂ പാർക്കിലും വനംവകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ബോട്ടിംഗിനും കൂടുതലാളുകളെത്തുന്നുണ്ട്. അണക്കെട്ടിൽ സന്ദർശകർക്കായി ബഗ്ഗികാറുകളും ഏർപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ സന്ദർശകർ ഇടുക്കിയിലെത്തുമെന്നാണ് കരുതുന്നത്.