നെടുങ്കണ്ടം: ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തൂക്കുപാലം പ്രകാശ്ഗ്രാം പഴയവീട്ടിൽ റാഫിയ(70) ആണ് മരിച്ചത്. റാഫിയയെ രണ്ടുദിവസമായി പുറത്തേക്ക് കണ്ടിരുന്നില്ല. ഇതേതുടർന്ന് റാഫിയുടെ കൊച്ചുമകൻ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ ഫോൺ ആരും എടുക്കാത്തതിനെ തുടർന്ന് അയൽവാസിയുമായി എത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വിവരം നെടുങ്കണ്ടം പൊലീസിൽ അറിയിച്ചു. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തും. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.