
 മരണം ക്രിസ്മസ് ദിനത്തിൽ നടൻ മലങ്കര ഡാമിൽ കുളിക്കുന്നതിനിടെ
തൊടുപുഴ/തിരുവനന്തപുരം : ക്രിസ്മസ് ദിനത്തിൽ തൊടുപുഴയ്ക്കടുത്ത് മലങ്കര അണക്കെട്ടിൽ കുളിക്കാനിറങ്ങവേ മുങ്ങിമരിച്ച നടൻ അനിൽ പി. നെടുമങ്ങാടിന് (48) അന്ത്യാഞ്ജലി. വെള്ളിയാഴ്ച വൈകിട്ട് ആറോടെ രണ്ട് സുഹൃത്തുകൾക്കൊപ്പം ഡാമിലിറങ്ങിയ അനിൽ കയത്തിൽ അകപ്പെടുകയായിരുന്നു. ഇന്നലെ രാത്രിയോടെ ജന്മനാടായ നെടുമങ്ങാട്ട് സംസ്കാരം നടന്നു.
ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയങ്കരനായി മാറിയ അനിൽ സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ അവതരിപ്പിച്ച സി.ഐ സതീഷ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നവാഗതനായ സൻഫീർ കെ. സംവിധാനം ചെയ്യുന്ന 'പീസ് " എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനായാണ് തൊടുപുഴയിലെത്തിയത്. ക്രിസ്മസ് ദിനത്തിൽ ഷൂട്ടിംഗില്ലായിരുന്നതിനാൽ സുഹൃത്തുക്കളായ കാമറാമാൻ വിനോദ് വിക്രമൻ, പൊതുപ്രവർത്തകൻ അരുൺ എന്നിവർക്കൊപ്പമാണ് മലങ്കരയിലേക്ക് പോയത്.
അനിൽ കയത്തിലകപ്പെട്ടപ്പോൾ നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് മലങ്കര സ്വദേശിയായ ഷിനാജ് മിനിട്ടുകൾക്കകം സ്ഥലത്തെത്തി കരയിലെത്തിച്ചു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇന്നലെ ഉച്ചയോടെ കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം തിരുവനന്തപുരത്ത് എത്തിച്ച് പൊതുദർശനത്തിന് വച്ചു.