ചെറുതോണി : തോപ്രാംകുടി സെന്റ് മരിയ ഗൊരേത്തി പള്ളിയുടെ സുവർണ ജൂബിലി ആഘോഷങ്ങൾക്കും ഇടവക വികാരി ഫാ. ജോർജ് കൊല്ലംപറമ്പിലിന്റെ പൗരോഹിത്യ രജത ജൂബിലിക്കും 27ന് ഉച്ചകഴിഞ്ഞ് 2.30ന് തുടക്കമാകും. ഒരുവർഷം നീണ്ടുനിൽക്കുന്ന വ്യത്യസ്തമായ ആഘോഷ പരിപാടികൾ ഇടുക്കി രൂപതാദ്ധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനംചെയ്യും. ഇടവകയിൽ ശുശ്രൂഷചെയ്ത ഫാ. ഫ്രാൻസിസ് അത്തിക്കലിന്റെ പൗരോഹിത്യ സുവർണജൂബിലി, ഇടവകയിലെ സന്യസ്ത സമൂഹത്തിലെ സിസ്റ്റർ ബിനോയി സിഎംസിയുടെ സുവർണജൂബിലി എന്നിവയും ഇതോടൊപ്പം നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയോടെയാണ് ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമാവുക.ആരോഗ്യ വിദ്യഭ്യാസകാർഷിക മേഖലകളിൽ വ്യത്യസ്തങ്ങളായ കർമപദ്ധതികളാണ് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കുക. ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ മാർ ജോൺ നെല്ലിക്കുന്നേൽ നിനവ് പദ്ധതി ഉദ്ഘാടനംചെയ്യും. ഇടവകയിലെ കുടുംബങ്ങളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടുള്ള കനിവ് പദ്ധതിയുടെ ഉദ്ഘാടനം ജൂബിലിവർഷ ഉദ്ഘാടന വേദിയിൽ വൈദ്യുതി മന്ത്രി എം.എം മണി നിർവഹിക്കും. കുടുംബൾക്ക് പച്ചക്കറി വിത്തുകൾ വിതരണംചെയ്തും മൽസ്യകൃഷിക്ക് പ്രോത്സാഹനം നൽകിയുമുള്ള ജീവനം പദ്ധതി മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഇടുക്കി തഹസിൽദാർ വിൻസെന്റ് ജോസഫ് ഉദ്ഘാടനംചെയ്യും. വികാരി ഫാ. ജോർജ് കൊല്ലംപറമ്പിലിന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ചാണ് ആഘോഷപരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തീകരിച്ചിരിക്കുന്നത്.