a

തൊടുപുഴ: നടൻ അനിൽ പി. നെടുമങ്ങാടിനെ മലങ്കര ജലാശയത്തിൽ നിന്നെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും ജീവന്റെ തുടിപ്പുണ്ടായിരുന്നുവെന്ന് സിവിൽ പൊലീസ് ഓഫീസറായ പി. ഹരികൃഷ്ണൻ പറഞ്ഞു. ആദ്യം വെള്ളത്തിലിറങ്ങി അനിലിനായി തിരച്ചിൽ നടത്തിയത് ഹരികൃഷ്ണനാണ്. അനിലിന്റെ സുഹൃത്തുക്കളായ അരുണും വിനോദും ബഹളം വച്ചതിനെ തുടർന്ന് ഡാം കവാടത്തിലുണ്ടായിരുന്ന ജലഅതോറിട്ടി ജീവനക്കാരനാണ് പൊലീസ് ഔട്ട്പോസ്റ്റിലെത്തി ഹരികൃഷ്ണനോട് ഒരാൾ വെള്ളത്തിൽ പോയെന്ന് പറയുന്നത്. ഉടൻ തന്നെ 100 മീറ്റർ അകലെയുള്ള കടവിലേക്ക് ബൈക്കിൽ കുതിച്ചെത്തിയ ഇദ്ദേഹം യൂണിഫോം മാറ്റി വെള്ളത്തിലിറങ്ങുകയായിരുന്നു. എന്നാൽ തെറ്റായ സ്ഥലത്ത് തിരഞ്ഞതിനാൽ കണ്ടെത്താനായിരുന്നില്ല. അഞ്ച് മിനിറ്റിന് ശേഷമെത്തിയ ഷിനാജാണ് അനിലിനെ വെള്ളത്തിൽ നിന്ന് പുറത്തെത്തിക്കുന്നത്. തുടർന്ന് അനിലിന്റെ തന്നെ കാറിൽ സുഹൃത്തുകൾക്കൊപ്പം ആശുപത്രിയിലേക്ക് ഹരികൃഷ്ണനും പോയിരുന്നു. മലങ്കര ടൂറിസം ഹബിന്റെ കവാടം കഴിഞ്ഞപ്പോൾ തന്റെ മടിയിൽ കിടന്നിരുന്ന അനിൽ ഒന്ന് പിടഞ്ഞതായി ഹരികൃഷ്ണൻ പറയുന്നു. എന്നാൽ എട്ട് കിലോമീറ്റർ അകലെയുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടമായി.