തൊടുപുഴ: വിനോദസഞ്ചാര മേഖലയിൽ അത്യാവശ്യം വേണ്ട സുരക്ഷാ മുൻകരുതലിന്റെ അഭാവം മലങ്കരയിൽ അപകടങ്ങൾക്ക് കാരണമാകുന്നു.മലങ്കര അണക്കെട്ടും അതിനോടനുബന്ധിച്ചുള്ള ടൂറിസം ഹബ്ബും ചുറ്റ് പ്രദേശങ്ങളും സന്ദർശിക്കാൻ നൂറ്കണക്കിന് ആളുകളാണ് എത്തുന്നത്. ഞായറാഴ്ച്ചകളിലും പൊതു അവധി ദിവസങ്ങളിലും ആഘോഷ ദിവസങ്ങളിലും ഇവിടേക്ക് ആയിരത്തിൽപ്പരം ആളുകളാണ് ദിനവും എത്തുന്നത്. മൂന്നാർ, ഇല്ലിക്ക കല്ല്, വാഗമൺ, ഇലവീഴാ പൂഞ്ചിറ, തൊമ്മൻ കുത്ത്, എറണാകുളം എന്നിങ്ങനെ വിവിധ സ്ഥലങ്ങളിലേക്ക് പോകുന്ന സഞ്ചാരികളും മലങ്കര ടൂറിസം ഹബ്ബിലേക്കും എത്തുന്നുണ്ട്. എന്നാൽ അണക്കെട്ടിന്റേയും ടൂറിസം ഹബ്ബിന്റേയും ചുറ്റ് പ്രദേശങ്ങളിലേയും സുരക്ഷ സംവിധാനം ഒരുക്കാൻ അധികൃതർ അലംഭാവം കാണിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് അനിൽ നെടുമങ്ങാടിന്റെ ദാരുണമായ അന്ത്യം. പ്രദേശത്തിന്റെ അപകട സാദ്ധ്യതകൾ സംബന്ധിച്ച് ഒരു അറിവും ഇല്ലാത്ത നാടിന്റെ വിദൂര സ്ഥലങ്ങളിൽ നിന്നുള്ളവരാണ് ഇവിടം സന്ദർശിക്കാൻ എത്തുന്നവരിൽ ഏറെയും. മലങ്കര ടൂറിസം ഹബ്ബ് ഏതാനും ഭാഗത്തിന്റെ ഉദ്ഘാടനം നടത്തി പൊതുജനത്തിന് പ്രവേശനം അനുവദിച്ചപ്പോഴും അണക്കെട്ട് നിർമ്മാണം പൂർത്തിയാക്കി കമ്മീഷൻ ചെയ്തപ്പോഴും പ്രാഥമിക പരിഗണന നൽകേണ്ടിയിരുന്ന സുരക്ഷാ മേഖലയെ അധികൃതർ പൂർണ്ണമായും അവഗണിച്ചു.

നിർദേശങ്ങൾ

ചവറ്റ്കുട്ടയിൽ

ടൂറിസം ഹബ്ബിലും അണക്കെട്ടിലും ആവശ്യത്തിന് സുരക്ഷാ ജീവനക്കാരെ നിയമിക്കണമെന്നും അപകട സൂചനാ ബോർഡുകൾ സ്ഥാപിക്കണമെന്നും അതീവ സുരക്ഷ മേഖലയായതിനാൽ എല്ലാ മേഖലയിലും അടിയന്തിരമായി സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്നുമടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടുന്ന വിശദമായ റിപ്പോർട്ട് മുട്ടം എം വി ഐ പി അധികൃതർ ഉന്നത അധികാരികൾക്ക് സമർപ്പിച്ചിരുന്നു.എന്നാൽ അതെല്ലാം ചവറ്റ് കുട്ടയിലായി. സുരക്ഷാ സംവിധാനങ്ങളുടേയും മാർഗ്ഗ നിർദ്ദേശങ്ങളുടേയും അഭാവത്തിൽ അണക്കെട്ടിലെ കയത്തിൽ അകപ്പെട്ട് ഇത് വരെ ഏഴ് പേരുടെ ജീവൻ നഷ്ടപ്പെട്ടു. ഒട്ടേറെപ്പേർ ഭാഗ്യംകൊണ്ട് മാത്രമാണ് കയത്തിൽനിന്നും രക്ഷപ്പെട്ടത്.