a

തൊടുപുഴ: 'ഒറ്റച്ചാട്ടത്തിൽ ആളെ കണ്ണിലുടക്കി, കരയിൽ നിന്ന് 15 അടി ദൂരത്തിലും പത്തടി താഴ്ചയിലുമായി വെള്ളത്തിൽ കിടക്കുകയായിരുന്നു. ഊളിയിട്ടപ്പോൾ തന്നെ കാലിലാണ് പിടുത്തം കിട്ടിയത്. ശരവേഗത്തിൽ കരയ്‌ക്കെത്തിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും പടച്ചവൻ അദ്ദേഹത്തിന് ആയുസ് നീട്ടി കൊടുത്തില്ല." മലയാളികളുടെ പ്രിയ നടൻ അനിൽ നെടുമങ്ങാടിനെ മലങ്കര ജലാശത്തിൽ നിന്ന് കരയ്‌ക്കെത്തിച്ച ഷിനാജ് പറഞ്ഞു. മലങ്കരയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ പെരുമറ്റത്തെ വീട്ടിൽ നിന്ന് നമസ്‌കാരത്തിനായി പള്ളിയിലേക്ക് പോകാനിറങ്ങുമ്പോഴാണ് ഷിനാജിന് ടൂറിസം ഹബിൽ നിന്ന് ഫോൺ വരുന്നത്. ബൈക്കിൽ രണ്ടു മിനുട്ടിനകം സ്ഥലത്തെത്തി. പൊലീസുകാരനും സുഹൃത്തുക്കളും അവിടെ ഉണ്ടായിരുന്നു. പിന്നീട് എല്ലാം മിന്നൽ വേഗത്തിലായിരുന്നു. തിരികെ വീട്ടിലെത്തിയ ശേഷമാണ് സിനിമാ നടനെയാണ് താൻ ജലാശയത്തിൽ നിന്നെടുത്തതെന്ന് ഷിനാജ് അറിയുന്നത്.

നാട്ടുകാർക്കെന്നും ഉപകാരിയായ ഷിനാജ് ( 42 )​ മുമ്പും മലങ്കര ജലാശയത്തിലടക്കം വെള്ളത്തിൽ വീണ നിരവധി പേരെ രക്ഷിച്ചിട്ടുണ്ട്. റോഡപകടങ്ങളിൽ ചോരയിൽ കുളിച്ച് കിടക്കുന്നവർക്കും രക്ഷകനായിട്ടുണ്ട്. രക്ഷപ്പെടുത്തുന്നവരുടെ ബന്ധുക്കൾ പലരും പ്രതിഫലമായി പണം നൽകാറുണ്ടെങ്കിലും വാങ്ങാറില്ല. പണത്തിന് താൻ കൂലിപ്പണിയെടുക്കുന്നുണ്ടെന്നാണ് ഷിനാജിന്റെ മറുപടി. യന്ത്രവാളുകൊണ്ട് മരം മുറിക്കുന്ന ജോലിയാണ് പെരുമറ്റം പാറയ്ക്കൽ ഷിനാജിന്. ഫാത്തിമയാണ് ഭാര്യ. ആസിഫ്, അഫ്‌സൽ എന്നിവർ മക്കളാണ്.