മൂന്നാർ: അൽപ്പം വൈകിയെങ്കിലെന്താ 2020 പടിയിറങ്ങും മുമ്പെ മൂന്നാറിൽ താപനില മൈനസിലെത്തി. കഴിഞ്ഞ ദിവസം പുലർച്ചെയാണ് പഴയ മൂന്നാറിൽ മൈനസ് ഒരു ഡിഗ്രിയിൽ താപനിലയെത്തിയത്. ശൈത്യകാലത്ത് സാധാരണ ഗതിയിൽ മൂന്നാറിലെ തണുപ്പ് മൈനസ് നാലു ഡിഗ്രി വരെ എത്താറുണ്ട്. എന്നാൽ ഇത്തവണ ഇത് ആദ്യമായാണ് താപനില മൈനസിലെത്തുന്നത്. കഴിഞ്ഞ ദിവസം ലക്ഷ്മി എസ്‌റ്റേറ്റിലും മൂന്നാർ ടൗണിലും പരിസര പ്രദേശങ്ങളിലും താപനില പൂജ്യം ഡിഗ്രിയിലെത്തിയിരുന്നു. മാട്ടുപ്പെട്ടി, എല്ലപ്പെട്ടി, ചെണ്ടുവാര, ചിറ്റുവാര, കുണ്ടള, സെവൻമല, കന്നിമല തുടങ്ങിയ സ്ഥലങ്ങളിലും നല്ല തണുപ്പ് അനുഭവപ്പെടുന്നുണ്ട്. വരും നാളുകളിലും കൂടുതൽ സ്ഥലങ്ങളിൽ താപനില മൈനസ് ഡിഗ്രിയിലെത്തുമെന്നാണ് കരുതുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനിടയിലും മൂന്നാറിലെ തണുപ്പ് ഉയർന്നതോടെ സഞ്ചാരികളുടെ തിരക്കും വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മാട്ടുപ്പെട്ടി, എക്കോപോയിന്റ്, ടോപ്പ്സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. മൂന്നാറിൽ അതിശൈത്യമെത്തിയതോടെ പുതുവത്സരത്തോടനുബന്ധിച്ച് ഇനിയും സഞ്ചാരികളുടെ ഒഴുക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.