കാഞ്ഞാർ: കൊവിഡ് നിരീക്ഷണത്തിലിരുന്ന പിന്നാക്ക വിഭാഗത്തിൽപെട്ടയാളെ അയൽവാസി വീട് കയറി അക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി.കാഞ്ഞാർ ഞരളംപുഴ മുടിയാനി ഭാഗത്ത് പറമ്പാത്ത് തങ്കച്ചനെയാണ് അമൽവാസി ക്രിസ്മസ് ദിനത്തിൽ അക്രമിച്ചത്.തങ്കച്ചന്റെ ഭാര്യ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ രണ്ടാം വാർഡിൽ നിന്നും മത്സരിച്ച ശോഭന തങ്കച്ചന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തങ്കച്ചനും മകളും വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. തങ്കച്ചന്റെ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതും തങ്കച്ചനും മകളും നിരീക്ഷണത്തിൽ ഇരിക്കുന്നതും അയൽവാസി ഭാസ്കരനോട് പറഞ്ഞില്ല എന്നാരോപിച്ചാണ് അക്രമിച്ചതെന്നാണ് പരാതി. മുഖത്തിനും കഴുത്തിനും കൈയ്ക്കും പരിക്കേറ്റ തങ്കച്ചനെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.