തൊടുപുഴ: തിരുവനന്തപുരം മേയർ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പ്രഖ്യാപനവും ആര്യാ ഇഫക്ടും ഇനി എവിടെയൊക്കെ അലയടിക്കും.... ഇരുപത്തിയൊന്നുകാരി ആര്യയെ തിരുവനന്തപുരം മേയറായി സി. പി. എം തീരുമാനിച്ചപ്പോൾ ശരിക്കും ഞെട്ടിയ ചിലരുണ്ട്. മറ്റാരുമല്ല വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഭരണ പദവി ഏതാണ്ടുറപ്പിച്ചവർ . ആര്യയെ തിരുവനന്തപുരം പോലെ വളരെ പ്രധാനപ്പെട്ട കോർപ്പറേഷന്റെ മേയറാക്കുന്നതിൽ അസൂയയുള്ളവരോ, എടുത്ത തീരുമാനത്തിൽ എന്തെങ്കിലും അപാകതയുണ്ടെന്നു കരുതുന്നവരോ അല്ല ആശങ്കപ്പെടുന്നത്. സംഗതി നല്ലത് തന്നെ , പക്ഷെ ഇതേപോലെ തങ്ങളുടെ നാട്ടിലും ആയിക്കൂടേ എന്ന് പ്രാദേശിക തലത്തിലുള്ള പാർട്ടി നേതൃത്വത്തിൽ അഭിപ്രായം ഉണ്ടായാൽ തീർന്നില്ലേ കാര്യം. ഇത് തങ്ങൾക്ക് പാരയാകുമോ എന്ന് ആശങ്കപ്പെടുക സ്വാഭാവികം. മുനിസിപ്പൽ ചെയർമാനെ 28 ന് രാവിലെയും വൈസ് ചെയർമാനെ ഉച്ചകഴിഞ്ഞും, ഗ്രാമ പഞ്ചായത്ത്, ബ്ളോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരെ 30 ന് രാവിലെയും ഉപാദ്ധ്യക്ഷരെ ഉച്ചകഴിഞ്ഞുമാണ് തിരഞ്ഞെടുക്കുക. പലയിടങ്ങളിലും പാർട്ടികൾ തങ്ങളുടെ ഭാരവാഹികളെ നിശ്ചയിക്കുന്നതിന്റെ അവസാനഘട്ടത്തിലാണ്. ഏകദേശ തീരുമാനമായാലും മേൽക്കമ്മറ്റികളുടെ അനുമതിക്കായി ലിസ്റ്റ് നൽകിയിരിക്കുകയാണ്. വിവിധ മുന്നണികളിൽ സ്ഥാനത്തെച്ചൊല്ലി ഇത്തവണ തർക്കം താരതമ്യേന കുറവാണ്. അതിനിടയിലാണ് ആര്യയുടെ കടന്നുവരവ്. കന്നിക്കാരിയാണെന്ന് മാത്രമല്ല സ്ഥാനാർത്ഥിയാകാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രായമായ ഇരുപത്തി ഒന്ന് വയസ് മാത്രമേ ഉള്ളുവെന്നതും സി. പി. എമ്മിന്റെ ബ്രാഞ്ച്കമ്മിറ്റി എന്ന ഏറ്റവും താഴെയുള്ള ഘടകത്തിൽ പ്രവർത്തിക്കുന്ന പെൺകുട്ടിക്ക് ഏറ്റവും ഉയർന്ന പദവി നൽകിയപ്പോൾ എന്ത് കൊണ്ട് ഇവിടെയും ആയിക്കൂടേ എന്നൊരു ചിന്ത മേൽക്കമ്മറ്റിയിൽ ആർക്കെങ്കിലും തോന്നിയാൽ പലരുടെയും പദവി തുലാസിലാകും. പാർട്ടിയിലെ പദവിയും പ്രവർത്തന പാരമ്പര്യവും മാത്രം മാനദണ്ഡമായെടുക്കില്ല എന്ന വ്യക്തമായ സന്ദേശവും ആര്യയുടെ പദവിയിലൂടെ വ്യക്തമാക്കുന്നുണ്ട്.

സി. പി. എമ്മിൽ മാത്രമല്ല ഇതേച്ചൊല്ലി ആശങ്കപ്പെടുന്നവർ. സോഷ്യൽ മീഡിയ അടക്കം ഏറെ ആഘോഷിക്കുന്ന വിഷയത്തിൽ എല്ലാ പാർട്ടിയിലും അന്തിമ തീരുമാനം എടുക്കാത്തിടത്തൊക്കെ അതിന്റെ അലയൊലികൾ മുഴങ്ങിത്തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിലറിയാം ജില്ലയിൽ എത്രമാത്രം ആര്യ ഇഫക്ട് ഉണ്ടെന്ന്.